നോമ്പുകാല ജീവകാരുണ്യ പ്രവർത്തനം; അഗതികൾക്ക് ആശ്വാസമായി വൈഎംസിഎയുടെ കൈത്താങ്ങ്
കരുവഞ്ചാൽ: നോമ്പുകാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അനാഥരും ആലംബ രഹിതരുമായവർക്ക് കൈത്താങ്ങേകി വൈഎംസിഎ കണ്ണൂർ സബ് റീജണൽ. വിവിധ യൂണിറ്റുകൾ മുഖേന സമാഹരിച്ച രണ്ടര ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ ജില്ലയിലെ വിവിധ അനാഥാലയങ്ങൾക്കും നാൽപതിലധികം നിർധന കുടുംബങ്ങൾക്കും വിതരണം ചെയ്തു.
വെമ്പുവ തെരേസാ ഭവൻ, പൂപ്പറമ്പ് മരിയ ഭവൻ, ചെമ്പേരി കരുണാലയം, ചാണോക്കുണ്ട് കാരുണ്യഭവൻ, ആശാൻകവല തിരുരക്താശ്രമം, വിളമന പ്രൊവിഡൻസ് ഹോം, പുളിങ്ങോം സ്നേഹഗിരി, തലവിൽ ഗുഡ് സമരിറ്റൻ, ചെമ്പന്തൊട്ടി ഗുരുകുലം, ചെങ്ങളായി സമരിറ്റൻ എന്നിവയാണ് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കൈമാറിയ അഗതി സംരക്ഷണ കേന്ദ്രങ്ങൾ.
വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി ജോസഫ്, വൈഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എം. തോമസ്, പി.എ. ബേബി, വൈഎംസിഎ കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് പോൾ ജോർജ്, വൈഎംസിഎ പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് വിൽസൺ കന്നുകെട്ടിയിൽ, റീജണൽ ബോർഡ് അംഗം മാത്യു തുടിയൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
കരുവഞ്ചാൽ വൈഎംസിഎ ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ എന്നിവയടക്കം വിവിധ യൂണിറ്റുകളിലെ അംഗങ്ങളും പങ്കെടുത്തു.
إرسال تعليق