അമേരിക്കയിലെ ടെക്സസിലെ വലേറോ റിഫൈനറിയിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വലേറോ പോർട്ട് ആർതർ റിഫൈനറിയിൽ ശക്തമായ സ്ഫോടനം. സ്ഫോടനത്തെത്തുടർന്നു വൻ തീപിടിത്തവും ഉണ്ടായി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കിലോമീറ്ററുകളോളം കറുത്ത പുകപടലങ്ങൾ ഉയർന്നതു വൻ പരിഭ്രാന്തി പരത്തി. സമീപവാസികളോടു വീടിനുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടം നിർദേശം നൽകി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങിയതായും വലിയ തീജ്വാലകൾ ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. പോർട്ട് ആർതർ ഫയർ ഡിപ്പാർട്ട്മെന്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് വിഷവാതകങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വായുനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ റിഫൈനറിക്കു സമീപമുള്ള പ്രധാന പാതകളിലൂടെ ഗതാഗതം നിരോധിച്ചു.
റിഫൈനറിയിലെ ഹീറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറാകാം സ്ഫോടനത്തിനു കാരണമെന്ന് അധികൃതർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ പോർട്ട് ആർതർ വലേറോ പ്ലാന്റിൽ പ്രതിദിനം 4.35 ലക്ഷം ബാരൽ ഇന്ധനമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്റിലെ പ്രവർത്തനം ദീർഘകാലത്തേക്കു തടസപ്പെട്ടാൽ മേഖലയിലെ ഇന്ധന വിതരണത്തെ ബാധിക്കും.
Post a Comment