ആശങ്ക വേണ്ട, യാത്രക്കാരുടെ ചെലവുകൾ വഹിക്കും; പ്രത്യേക അറിയിപ്പുമായി യുഎഇ സിവില്‍ ഏവിയേഷൻ അതോറിറ്റി
അബുദാബി: യുഎഇയിലെ വ്യോമയാന മേഖലയിലെ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രധാനപ്പെട്ട ഒരു അറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളില്‍ ഇരുപതിനായിരം യാത്രക്കാര്‍ക്ക് ഇത്തരത്തിൽ സഹായം നൽകിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് താൽക്കാലിക താമസ സൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ നൽകുന്നതിനൊപ്പം ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
യുഎഇയിലേക്ക് എത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാര്‍ക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റും നൽകി. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുമെന്നും ഇക്കാര്യത്തില്‍ വിമാനത്താവളങ്ങളും എയർലൈനുകളുമായും ബന്ധപ്പെട്ട് വരികയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ പിന്തുടരണമെന്നും വിമാനങ്ങളുടെ സമയമാറ്റത്തെ കുറിച്ച് അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും മുടങ്ങിയ സർവീസുകൾ വേഗത്തിൽ പുനഃക്രമീകരിക്കാനും ദേശീയ വിമാനക്കമ്പനികളുമായി ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക താമസസൗകര്യങ്ങൾ ഒരുക്കി. രാജ്യത്തിനകത്തേക്ക് വരേണ്ട യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കടുപ്പിച്ച് ഇറാൻ
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ 'അതിരൂക്ഷമായ' ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നാണ് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഐആർജിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആത്മീയ വിശുദ്ധിയിലും, വിശ്വാസദാർഢ്യത്തിലും, നേതൃപാടവത്തിലും, അഹങ്കാരികൾക്കെതിരെയുള്ള ധൈര്യത്തിലും, ദൈവത്തിന്റെ പാതയിലുള്ള ജിഹാദിനോടുള്ള പ്രതിബദ്ധതയിലും സമാനതകളില്ലാത്ത ഒരു മഹാനായ നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്.
Post a Comment