Join News @ Iritty Whats App Group

പദ്ധതികള്‍ സമ്പൂര്‍ണ്ണ പരാജയം: ആറളത്ത് കുടിവെള്ള ക്ഷാമം

പദ്ധതികള്‍ സമ്പൂര്‍ണ്ണ പരാജയം: ആറളത്ത് കുടിവെള്ള ക്ഷാമം


ണ്ണൂ‌ർ: വേനല്‍ കനത്തതോടെ ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുടിവെള്ളത്തിനായി ഇവിടെ ആവിഷ്കരിച്ച പദ്ധതികളെല്ലാം സമ്പൂർണ്ണ പരാജയമായതാണ് കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് പ്രദേശവാസികളെ തള്ളിവിട്ടത്.


ഒന്നും രണ്ടും കുടുംബങ്ങള്‍ ചേർന്ന് കക്കുവ പുഴയിലും കൈതോടുകളിലും കുഴി കുത്തിയാണ് നിലവില്‍ പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്. വെള്ളം ശേഖരിച്ച്‌ തലയില്‍ വച്ച്‌ കിലോമീറ്ററുകളോളം നടന്നുവേണം വീടുകളിലെത്തിക്കാൻ. കുടിവെള്ള വിതരണത്തിന് ജലനിധി, നബാർഡ് തുടങ്ങിയ പദ്ധതികള്‍ ആറളത്ത് ആവിഷ്കരിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴകളില്‍ നിന്നും തോടുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളത്തിലൂടെ ജലജന്യ രോഗങ്ങള്‍ പടരാൻ സാദ്ധ്യതയുള്ളതും ആശങ്കയ്ക്കിടയാക്കുന്നു. എങ്കിലും മറ്റ് നിർവാഹമില്ലാത്തതിനാല്‍ ഈ വെള്ളം ഉപയോഗിക്കാൻ ഇവർ നിർബന്ധിക്കപ്പെടുകയാണ്.

മുൻവർഷങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും ഈ വർഷം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുനരധിവാസ മേഖലയിലെ ജലസ്രോതസ്സുകള്‍ മലിനമാകുന്ന സാഹചര്യവും ഇവിടെയുണ്ട്. ഈ മലിനമായ ജലസ്രോതസ്സുകളില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും കുടിക്കാനുമെല്ലാം വെള്ളം ശേഖരിക്കുന്നത്. വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കക്കുവ പുഴയിലും മറ്റ് ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നത് പതിവാണ്.

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുൻ വർഷങ്ങളില്‍ നല്‍കിയതുപോലെ വാഹനങ്ങളില്‍ വെള്ളം എത്തിച്ചു നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവർ.

പാടെ പാളി ജലനിധി

ആറളം ഫാമിലെ വിവിധ ബ്ലോക്കുകളില്‍ ജലനിധി പദ്ധതി ആരംഭിച്ചെങ്കിലും നിലവില്‍ അതെല്ലാം നോക്കുകുത്തിയായി മാറുകയാണ്. നിരവധി പേരെ പുനരധിവസിപ്പിച്ച ആറളം 9, പത്ത് ബ്ലോക്കുകളില്‍ ഉള്‍പ്പെടെ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ജലനിധി പദ്ധതി ആരംഭിച്ച്‌ വെറും മൂന്ന് ദിവസം മാത്രമാണ് വെള്ളം ലഭിച്ചത്. പിന്നീട് പൈപ്പ് പൊട്ടുകയും മറ്റ് സാങ്കേതിക തകരാറുകളും കാരണം പദ്ധതി മുടങ്ങുകയുമായിരുന്നു. പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരച്ചതുമില്ല.

പത്താം ബ്ലോക്കിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ജലനിധിയുടെ ടാങ്ക്. എന്നാല്‍ പകുതി പേർക്കും ലഭിച്ചിരുന്നത് കലക്ക് വെള്ളമാണ്. മറ്റ് പലർക്കും വെള്ളം കിട്ടാറുമില്ല. നബാർഡ് കുടിവെള്ള പദ്ധതി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീർത്തും പരാജയമാണ്. വിവിധ പദ്ധതികളില്‍ കോടികള്‍ മുടക്കി താമസക്കാരുടെ പേര് പറഞ്ഞ് ഓരോ വീടിന് മുന്നിലും പൈപ്പുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചതല്ലാതെ പിന്നീട് ആരെയും കാണാനില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group