ഗ്യാസ് ബുക്കിംഗിന്റെ പേരിലും സൈബർ തട്ടിപ്പ്: ജാഗ്രതാ നിർദേശങ്ങളുമായി പോലീസ്
പരവൂർ: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലെ നിയന്ത്രണങ്ങളുടെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്.സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിൽ വീഴ്ത്തുന്നത്.
ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും.
തുടർന്ന് വാട്സ്ആപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ “ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ ” എന്ന പേരിലുള്ള ഒരു ഫയൽ അയയ്ക്കും. ഗ്യാസ് ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കെവൈസി വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സംഘം ആവശ്യപ്പെടും.
ഈ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് സംബന്ധിയായ വിവരങ്ങളും യുപിഐ പിൻ നമ്പരുകളും ഞൊടിയിടക്കുള്ളിൽ തട്ടിപ്പുകാർ ചോർത്തിയെടുക്കും. തുടർന്ന് ഉപഭോക്കാവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്നുള്ള പണം പൂർണമായും നഷ്ടമാകും.
സംസ്ഥാനത്ത് ഉത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇതിനകം അരങ്ങേറിക്കഴിഞ്ഞു. തുടർന്നാണ് ജാഗ്രതാ നിർദേശങ്ങളുമായി പോലീസ് രംഗത്ത് വന്നിട്ടുള്ളത്. അപരിചിത ലിങ്കുകൾ ഒഴിവാക്കണം. വാട്സ് ആപ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകൾ ഒരു കാരണ വശാലും ഇൻസ്റ്റാൾ ചെയ്യരുതെന്നുമാണ് പോലീസ് ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പ്.
സിലിണ്ടർ ബുക്കിംഗിനും പേയ്മെന്റുകൾക്കുമായി ഗ്യാസ് വിതരണ കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളെയോ മൊബൈൽ ആപ്പുകളെയോ മാത്രം ഉപയോഗിക്കാനായി ആശ്രയിക്കണം. അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജൻസിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.
ഗ്യാസ് സിലിണ്ടർ ബുക്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബാങ്ക് വിവരങ്ങളോ പാസ് വേർഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുതെന്നും പോലീസ് ഉപഭോക്താക്കൾക്കായി നിർദേശം നൽകിയിട്ടുണ്ട്.
إرسال تعليق