Join News @ Iritty Whats App Group

സുധാകരൻ കണ്ണൂരിൽ, മട്ടന്നൂരിൽ വിമാനമിറങ്ങി, പൂലര്‍ച്ചെ വരെ കാത്തിരുന്ന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍, ക്ഷീണിതനെന്ന് മാത്രം പ്രതികരണം

സുധാകരൻ കണ്ണൂരിൽ, മട്ടന്നൂരിൽ വിമാനമിറങ്ങി, പൂലര്‍ച്ചെ വരെ കാത്തിരുന്ന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍, ക്ഷീണിതനെന്ന് മാത്രം പ്രതികരണം


കണ്ണൂർ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി നാട്ടിൽ തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വിഡി സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സുധാകരനെ വിളിച്ച് പാർട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.

അതേസമയം, 37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പട്ടിക പൂർത്തിയായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിൽ മത്സരിക്കും. കൊച്ചിയിൽ ദീപ്തി മേരി വർഗ്ഗീസിനെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നൽകി. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി പകരം മനോജ് മൂത്തേടനെ നിശ്ചയിച്ചു. മൂന്ന് മണ്ഡലങ്ങളിൽ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകും

Post a Comment

أحدث أقدم
Join Our Whats App Group