ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്
കണ്ണൂർ:കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. കാഴ്ച്ചവരവിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിൽ കലാശിച്ചത്.
മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസം, ക്ഷേത്രത്തിലേക്ക് കാഴ്ചവരവുകൾ വരുന്നതിനിടെയായിരുന്നു സംഘർഷം. നടാൽ ഭാഗത്ത് നിന്ന് സിപിഎം പ്രവർത്തകരുടെ കാഴ്ച്ചവരവും തലശേരി ഭാഗത്ത് നിന്ന് ബിജെപി പ്രവർത്തകരുടെ കാഴ്ച്ചവരവും എത്തി. ഇതിൽ ക്ഷേത്രത്തിന് സമീപം ആദ്യം എത്തിയ സംഘം ദീർഘനേരം തുടർന്നതോടെ മറുഭാഗം വാക്കേറ്റവുമായെത്തി. ഇരുവിഭാഗവും മുഖാമുഖമെത്തിയതോടെ പൊലീസ് ലാത്തി വീശി.
കാഴ്ച്ചവരവിലെ കലശങ്ങളിൽ പാർട്ടിചിഹ്നങ്ങളോ പാട്ടുകളോ ഉപയോഗിക്കരുതെന്ന് പൊലീസിന്റെ കർശന നിർദേശമുണ്ടായിരുന്നു. മുൻവർഷങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസിപിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. പക്ഷെ ഒന്നും പാലിക്കപ്പെട്ടില്ല. ചെണ്ടമാത്രമെന്ന് പറഞ്ഞിട്ടും ഡിജെ വന്നു. ആഘോഷം അതിരുവിട്ടു. ഇരുഭാഗവും പാർട്ടിചിഹ്നങ്ങളും ഉപയോഗിച്ചു. ക്ഷേത്രപരിസരത്ത് വച്ച് ഏറ്റുമുട്ടി. കഴിഞ്ഞവർഷം തലശേരിയിൽ കാഴ്ച്ചവരവിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
إرسال تعليق