ബിഎസ്എൻഎൽ, ട്രായ് എന്നിവയുടെ പേരിൽ രാജ്യവ്യാപക കെവൈസി തട്ടിപ്പ് ; ജാഗ്രത വേണമെന്ന് അധികൃതർ
പരവൂർ: ബിഎസ്എൻഎൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരിൽ മൊബൈൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. കെവൈസി പുതുക്കിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ബിഎസ്എൻഎലിന്റെ ലെറ്റർ പാഡിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ കെവൈസി വെരിഫിക്കേഷൻ എക്സിക്യൂട്ടീവിനെ ഉടൻ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്. “പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെൻഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും.
ഉടൻ വിളിക്കുക” എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്തരം നോട്ടീസുകൾ ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ അറിയിച്ചു.അതിനിടെ, രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021-ൽ 52,974 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-ൽ ഇത് 86,420 ആയി ഉയർന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ സൈബർ ഫോറൻസിക് പരിശീലന ലാബുകൾ സ്ഥാപിക്കുന്നതിനായി 116.5 കോടി രൂപയുടെ സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്. നിലവിൽ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരം ലാബുകൾ പ്രവർത്തനസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment