ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി. വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യയ്ക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്‌ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനും ആക്രമിക്ക് ഉചിതമായ മറുപടി നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.
മുഖംമൂടി മാറ്റാത്ത ഇറാൻ; പ്രസംഗവും പ്രവൃത്തിയും രണ്ട്
സിവിൽ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ ടാങ്കറുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയുടെ സ്ഥിരത തകർക്കാനുള്ള ഇറാന്റെ ഗൂഢാലോചനയാണ് തെളിയിക്കുന്നതെന്ന് സൗദി വ്യക്തമാക്കി. അയൽരാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതിയില്ലെന്നും അത്തരമൊരു തീരുമാനം തങ്ങളുടെ നേതൃത്വ കൗൺസിൽ എടുത്തിട്ടുണ്ടെന്നും ഇറാൻ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ പ്രാവർത്തികമാക്കാൻ ഇറാൻ തയ്യാറായിട്ടില്ല.
ഇറാൻ പ്രസിഡന്റിന്റെ പ്രസംഗ സമയത്തും അതിനുശേഷവും യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങൾ നിരത്തി ഇറാൻ ആക്രമണം തുടരുകയായിരുന്നു. യുദ്ധത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിൽ നിന്ന് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും പുറപ്പെടുന്നു എന്ന ഇറാന്റെ ആരോപണം പൂർണ്ണമായും തെറ്റാണെന്ന് സൗദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രത്യാഘാതം ഗുരുതരമായിരിക്കും യഥാർത്ഥത്തിൽ സൗദിയുടെയും ജിസിസി രാജ്യങ്ങളുടെയും വ്യോമാതിർത്തികൾ നിരീക്ഷിക്കാനും ഇറാന്റെ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സംരക്ഷണം നൽകാനുമാണ് ആ വിമാനങ്ങൾ പട്രോളിംഗ് നടത്തുന്നത്.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ സംഘർഷം വർദ്ധിപ്പിക്കുകയേയുള്ളൂവെന്നും ഇത് നിലവിലുള്ളതും ഭാവിയിലുള്ളതുമായ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. വിവേകത്തോടെ പ്രവർത്തിക്കാനും സംഘർഷം ഒഴിവാക്കാനുമാണ് ഇറാൻ ശ്രമിക്കേണ്ടതെന്നും, മേഖലയിലെ അസ്ഥിരതയിൽ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് ഇറാനായിരിക്കുമെന്നും സൗദി പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
Post a Comment