ഉള്ളിയിൽ നെഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്
ദില്ലി: ഉള്ളിയിലെ നെഗറ്റീവ് എനർജിയെക്കുറിച്ച് പഠനം നടത്തണമെന്നതടക്കമുള്ള അഞ്ച് ഹർജികൾ തള്ളി സുപ്രീം കോടതി. അഭിഭാഷകൻ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് പൊതുതാൽപ്പര്യ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. നിസാരവും അടിസ്ഥാന രഹിതവുമാ ഹർജികളാണ് പരാതിക്കാരൻ നൽകിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഉള്ളിയിലും വെളുത്തുള്ളിയിലും ‘തമസിക്’ (നെഗറ്റീവ്) എനർജി അടങ്ങിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ച അഭിഭാഷകനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചു. നിങ്ങൾ ഈ ഹർജികളെല്ലാം അർദ്ധരാത്രിയിലാണോ തയ്യാറാക്കുന്നതെന്നും കോടതിയുടെ വിലപ്പെട്ട സമയം മെനക്കെടുത്തരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പരമ്പരാഗതമായി ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ജൈന സമൂഹത്തിന്റെ ഭക്ഷണരീതികളെ പരാമർശിച്ചുകൊണ്ട്, അവയെ ‘തമസിക്’ ഭക്ഷണമായി വിശേഷിപ്പിച്ചാണ് ഹർജി സമർപ്പിച്ചത്. ഹർജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി, ജൈന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്നും ചോദിച്ചു. എന്നാൽ ഈ വിഷയം കൂടുതൽ ആശങ്കാജനകമാണെന്ന് ഹർജിക്കാരൻ പറഞ്ഞു, ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്റെ പേരിൽ ഗുജറാത്തിൽ വിവാഹമോചനം നടന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച്, ഭാവിയിൽ സമാനമായ ഹർജികൾ ഫയൽ ചെയ്യുന്നതിനെതിരെ ഹർജിക്കാരന് മുന്നറിയിപ്പ് നൽകി
ഗുപ്ത സമർപ്പിച്ച മറ്റ് നാല് പൊതുതാൽപര്യ ഹർജികളും കോടതി തള്ളി. മദ്യത്തിലും പുകയില ഉൽപ്പന്നങ്ങളിലും ദോഷകരമായ വസ്തുക്കൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട ഹർജി, സ്വത്തുക്കളുടെ നിർബന്ധിത രജിസ്ട്രേഷൻ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട മറ്റൊരു ഹർജി, ക്ലാസിക്കൽ ഭാഷകളുടെ പ്രഖ്യാപനത്തെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ട മറ്റൊരു ഹർജി എന്നിവയാണ് സമർപ്പിച്ചത്. അഭിഭാഷകനല്ലായിരുന്നെങ്കിൽ ഹർജിക്കാരനിൽ നിന്ന് മാതൃകാപരമായ ചിലവുകൾ കോടതി ഈടാക്കുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
إرسال تعليق