Join News @ Iritty Whats App Group

കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം

കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം


കാസർകോട്: കാസർകോട് മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ ഇദ്ദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ജോലി സംബന്ധമായ സമ്മർദ്ദമാണ് സവാദിൻ്റെ മരണത്തിന് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കാസർകോട് ജനറൽ ആശുപത്രിയിലാണ് പ്രതിഷേധം നടന്നത്. മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു. പോലീസ് അന്വേഷണത്തിന് പുറമെ വകുപ്പുതല അന്വേഷണവും നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്വേഷണമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Join Our Whats App Group