കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ
ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ (Device IDs) ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയത്. ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ ടെക്‌നിക്കൽ പ്രൊജക്ട് 45 ദിവസത്തിനുള്ളിൽ സമിതിക്ക് മുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.
മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് (Skype) സമാനമായ സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിർദ്ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തിൽ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഹാനികരമായ എപികെ (APK) ഫയലുകൾ കണ്ടെത്താനും അവ തടയാനും സാങ്കേതികവിദ്യ വാട്സ്ആപ്പ് ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ സജീവമായ ഒരു സിം കാർഡ് നിർബന്ധമാക്കുന്ന 'സിം ബൈൻഡിംഗ്' സംവിധാനം നടപ്പിലാക്കാൻ ടെലികോം വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികൾ അറിയിച്ചു. പോലീസിന്റെയോ മറ്റ് ഏജൻസികളുടെയോ ലോഗോകൾ അടക്കം ഔദ്യോഗിക ചിഹ്നങ്ങൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താൻ ലോഗോ ഡിറ്റക്ഷൻ സംവിധാനം നിലവിൽ വന്നതായും കമ്പനി വ്യക്തമാക്കി.
സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ കൂടുതൽ സഹകരണം വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങൾ കൈമാറുന്നതിലും, ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾക്കായി 180 ദിവസമെങ്കിലും സൂക്ഷിച്ചു വെക്കുന്നതിലും കമ്പനി അനുകൂല നിലപാട് സ്വീകരിച്ചു. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോ കോളുകൾ (Deepfakes) തടയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാട്സ്ആപ്പ് വഴി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ ഈ കർശന നടപടികൾ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
إرسال تعليق