നിയമസഭാ തെരഞ്ഞെടുപ്പ്: തോക്കുകള്‍, കുന്തങ്ങള്‍, വാളുകള്‍, വടികള്‍, മാരകായുധങ്ങള്‍, കല്ലുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ ജി. പ്രിയങ്ക ഉത്തരവിട്ടു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 2023ലെ സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഈ നടപടി.
തോക്കുകള്‍, കുന്തങ്ങള്‍, വാളുകള്‍, വടികള്‍, മാരകായുധങ്ങള്‍, കല്ലുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെ നിരോധനം നിലനില്ക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
ഡ്യൂട്ടിയിലുള്ള പോലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍. ബാങ്കുകളുടെ സുരക്ഷയ്ക്കായി ആയുധം ഉപയോഗിക്കുന്നവര്‍, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഷൂട്ടിംഗ് താരങ്ങള്‍ എന്നിവര്‍ പ്രത്യേക അനുമതി പത്രം കൈപ്പറ്റണം. ആചാരപരമായോ നിയമപരമായോ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും.
ലൈസന്‍സുള്ള തോക്കുകള്‍ കൈവശമുള്ളവരുടെ കാര്യത്തില്‍ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റി വ്യക്തിഗത പരിശോധന നടത്തും. ക്രമസമാധാന പാലനത്തിന് അത്യാവശ്യമെന്ന് കണ്ടാല്‍ ഇവ അധികൃതര്‍ക്ക് മുന്‍പാകെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കും. ആചാരപരമായ ഇളവുകള്‍ ഉള്ളവര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുകയോ സമാധാനത്തിന് ഭംഗം വരുത്തുകയോ ചെയ്താല്‍ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment