ഇറാൻ യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം അറബ് രാജ്യങ്ങള്‍ പങ്കിടണം: പുതിയ നീക്കവുമായി ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിൻ്റെ സാമ്പത്തിക ബാധ്യത അറബ് രാജ്യങ്ങള്‍ കൂടി പങ്കിടണമെന്ന ആലോചനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.
ഇറാനുമായി സമാധാന ചർച്ചകള്‍ക്കുള്ള സാധ്യതകള്‍ സജീവമായിരിക്കെത്തന്നെയാണ് കടുത്ത സാമ്പത്തിക നിലപാടുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
അറബ് രാജ്യങ്ങളോട് യുദ്ധച്ചെലവ് ആവശ്യപ്പെടുന്നത് പ്രസിഡൻ്റിൻ്റെ പരിഗണനയിലുള്ള കാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥിരീകരിച്ചു. “ഇക്കാര്യത്തില്‍ പ്രസിഡൻ്റിന് വലിയ താല്‍പ്പര്യമുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അദ്ദേഹം തന്നെ വ്യക്തമാക്കും,” ലെവിറ്റ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ഇറാൻ പരസ്യമായി പറയുന്ന കാര്യങ്ങളല്ല രഹസ്യമായി ചർച്ച ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു. ഇറാൻ്റെ പരസ്യ പ്രസ്താവനകള്‍ പലപ്പോഴും തെറ്റായ വാർത്തകളാണെന്നും, അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ചർച്ചകള്‍ ശുഭസൂചനയാണ് നല്‍കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. എന്നാല്‍, ഇറാൻ്റെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമായി അമേരിക്ക ചർച്ചകള്‍ നടത്തുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഖാലിബാഫ് ഇത് നിഷേധിച്ചു. അമേരിക്കൻ സൈന്യത്തിൻ്റെ നീക്കങ്ങള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണ് ഇത്തരം വാർത്തകളെന്ന് അദ്ദേഹം ആരോപിച്ചു.
സമാധാന കരാറിന് ഇറാൻ തയ്യാറായില്ലെങ്കില്‍ രാജ്യം കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാൻ്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളും ശുദ്ധജല പ്ലാൻ്റുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങള്‍ ‘യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന്’ പറഞ്ഞ് ഇറാൻ തള്ളിയതിനും ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതിനും പിന്നാലെയാണിത്.
അതിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആവശ്യപ്പെട്ടു. സൗദിയെ ‘സഹോദര രാജ്യം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണി അമേരിക്കൻ സൈന്യമാണെന്നും എക്സില്‍ കുറിച്ചു.
മേഖലയില്‍ സംഘർഷം കൂടുതല്‍ ശക്തമായിത്തന്നെ തുടരുകയാണ്. തെക്കൻ ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനില്‍ മൂന്ന് യുഎൻ സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇവരുടെ മരണത്തിന് ഉത്തരവാദി ആരാണെന്ന് വ്യക്തമായിട്ടില്ല.
إرسال تعليق