അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
അബുദാബി: അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ ഒരു കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഇവിടെ തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ശത്രുവിന്‍റെ ഡ്രോൺ പതിച്ചതിനെ തുടർന്നാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മീഡിയ ഓഫീസ് കർശന മുന്നറിയിപ്പ് നൽകി.
അതേസമയം യുഎഇയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി അധികൃതർ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.
മേഖലയിലെ ‘അസാധാരണ സാഹചര്യങ്ങൾ’ മുൻനിർത്തി സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി. ഈ നിർദ്ദേശം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയമങ്ങൾ പാലിക്കുന്നത് എല്ലാവർക്കും നിർബന്ധമാണ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ രാജ്യത്തിന്റെ വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നീക്കം.
Post a Comment