മരത്തില്‍ കയറുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി; കണ്ണൂരില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം
കണ്ണൂർ: ചിറക്കല്‍ പഞ്ചായത്തിലെ രണ്ടാം വാർഡില്‍ മന്ന പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങി.
ചിറക്കല്‍ സ്വദേശിയായ ജോസ് (48) ആണ് അപകടത്തില്‍പ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിരക്ഷാസേന അതിസാഹസികമായി ഇദ്ദേഹത്തെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ന പള്ളിക്ക് സമീപമുള്ള മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയില്‍ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ കണ്ട് നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കണ്ണൂർ സ്റ്റേഷനില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.കെ. അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് സേഫ്റ്റി ഹാർനെസ്സുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ മരത്തില്‍ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق