Join News @ Iritty Whats App Group

ഹൈക്കമാന്‍ഡിന് മുന്നില്‍ അച്ചടക്കമുള്ള കുട്ടിയാവുമോ കെ സുധാകരന്‍, അതോ പൊട്ടിത്തെറിക്കുമോ; കെഎസിന്‍റെ അടുത്ത നീക്കമെന്ത്?

ഹൈക്കമാന്‍ഡിന് മുന്നില്‍ അച്ചടക്കമുള്ള കുട്ടിയാവുമോ കെ സുധാകരന്‍, അതോ പൊട്ടിത്തെറിക്കുമോ; കെഎസിന്‍റെ അടുത്ത നീക്കമെന്ത്?


കണ്ണൂര്‍:കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആകെ പ്രതിസന്ധിയിലാക്കിയ ദിവസങ്ങള്‍ക്ക്, ദില്ലിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ആ വാര്‍ത്ത എത്തിയിരിക്കുന്നു. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന് സീറ്റില്ല. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന് പകരം, കണ്ണൂര്‍ മുന്‍ മേയര്‍ കൂടിയായ അഡ്വ. ടി ഒ മോഹനന്‍ മത്സരിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് സുധാകരന്‍ ഇപ്പോഴും പാര്‍ട്ടിയുമായി ഏറ്റുമുട്ടുമ്പോള്‍ എന്തായിരിക്കും അണികളുടെ കെഎസിന്‍റെ അടുത്ത നീക്കം.

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ സുധാകരൻ 

കണ്ണൂര്‍ കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനായ നേതാവ്, അതാണ് കെ സുധാകരന്‍. അണികള്‍ക്കിടയില്‍ വിളിപ്പേര് കെഎസ്. വിട്ടുവീഴ്‌ചകളുടെ ചരിത്രമില്ലാത്ത കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് പക്ഷം ഇപ്പോഴും കണ്ണൂരില്‍ സുശക്തം. പതിറ്റാണ്ടുകള്‍ കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ മുന്നില്‍ നിന്ന് നയിച്ച കെ സുധാകരന്‍ നിലവില്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. കണ്ണൂരിലെ സുധാകരന്‍ ഇംപാക്‌ട് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ കേരളം കണ്ടിരുന്നു. 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ 1,08,982 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാംവട്ടവും ലോക്‌സഭയിലെത്തിയത്. എന്നാല്‍, പാര്‍ലമെന്‍റ് അംഗമായിരിക്കേ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ രണ്ടും കല്‍പിച്ച് ഇക്കുറി ഇറങ്ങുകയായിരുന്നു കെ സുധാകരന്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും മുമ്പേ സുധാകരന്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്‌ടിക്കുകയും പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കുകയും ചെ‌യ്‌തു.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ സ്ഥാനാര്‍ഥി ചര്‍ച്ചയായി മാറി കണ്ണൂരിലേത്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും ഹൈക്കമാന്‍ഡിന്‍റെയും നിലപാട്. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന വാദം ശക്തമായി ഉയര്‍ന്നു. എന്നിട്ടും, പ്രായത്തെ വകവെക്കാതെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു കെ സുധാകരന്‍. സുധാകരന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ട് അദേഹത്തിന്‍റെ വസതിയിലേക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അണികള്‍ ഇരച്ചെത്തുന്ന സംഭവം വരെ കേരളം കണ്ടു. കെ സുധാകരന് പിന്തുണയുമായി കണ്ണൂരിലും തിരുവനന്തപുരത്തും ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. കെ സുധാകരന് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ വരെ വലിയ പ്രത്യാഘാതമുണ്ടാകും എന്ന മുന്നറിയിപ്പുമായി കടുപ്പിക്കുകയും ചെയ്‌തു കെഎസ് പക്ഷം.

എന്താകും കെ സുധാകരന്‍റെ അടുത്ത നീക്കം?

സുധാകരനെ അനുനയിപ്പിക്കാനും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വലിപ്പിക്കാനും വലിയ പരിശ്രമങ്ങള്‍ ഇതിനിടെയെല്ലാം നടക്കുന്നുണ്ടായിരുന്നു. കണ്ണൂരിലും തിരുവനന്തപുരത്തും തീരുമാനമാകാതെ നടന്ന ചര്‍ച്ചകള്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് പുലരുവോളവും നടന്നു. എന്നാല്‍, ഒരു കാറ്റിലും ഉലയാതെ, ഒരു സമ്മര്‍ദ്ദത്തിലും 'അയയാതെ' നില്‍ക്കുന്ന പതിവ് സുധാകരന്‍ ശൈലി തന്നെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇന്ന് പുലരും വരെ കണ്ടത്.

സുധാകരന് മാത്രമായി ഇളവ് നല്‍കാനാവില്ല എന്ന നയത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നപ്പോള്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആ തീരുമാനമെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത് 'കണ്ണൂരില്‍ കെ സുധാകരന് പകരം അഡ്വ. ടി ഒ മോഹന്‍ മത്സരിക്കും'. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ മുന്‍ മേയറും കണ്ണൂരിലെ പ്രമുഖനുമായ ടി ഒ മോഹനന്‍റെ പേര് സ്ഥാനാര്‍ഥിയായി നറുക്ക് വീണപ്പോഴും കുലുങ്ങാതെ നില്‍ക്കുകയാണ് ഇപ്പോഴും കെ സുധാകരന്‍. ഇനി സുധാകരന്‍റെ നിലപാടും നീക്കവും എന്ന ആകാംക്ഷയിലാണ് കേരളവും നേതാക്കളും അണികളും. ഇന്ന് ഉച്ചയ്‌ക്ക് സുധാകരന്‍ മാധ്യമങ്ങളെ കാണും എന്നാണ് ഏറ്റവും പുതിയ വിവരം. വാര്‍ത്താസമ്മേളനം തുടങ്ങും മുമ്പ്, കണ്ണൂരില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള കെഎസിനെ ഏത് വിധേനയും തണുപ്പിക്കാനുള്ള ശ്രമമാകും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുക. കെ സുധാകരന്‍ അയയുമോ അതോ പൊട്ടിത്തെറിക്കുമോ എന്ന് വരും മണിക്കൂറുകളില്‍ അറിയാം.

Post a Comment

أحدث أقدم
Join Our Whats App Group