രാജ്യത്ത് പാചക വാതക ഉപയോഗം ഈമാസം 17 ശതമാനം കുറഞ്ഞു
പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മാർച്ച് ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു.
കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപഭോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി. ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ഇതിൽ ഭൂരിഭാഗവും എത്തുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണവും ഇതോടെ ഭാഗികമായി തടസപ്പെട്ടു. യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനമായ എടിഎഫ് ഉപഭോഗത്തിലും നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്.
എന്നാൽ, പാചകവാതക വിപണി പ്രതിസന്ധിയിലാണെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിൽപ്പനയിൽ വർധനവുണ്ടായി. പെട്രോൾ വിൽപ്പന 13.2 ശതമാനവും ഡീസൽ ഉപഭോഗം 8.2 ശതമാനവും ഉയർന്നു. വിറകിന് പകരമായി പാചകവാതകം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് വിതരണത്തിലെ ഈ കുറവ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Post a Comment