അമേരിക്ക പറഞ്ഞത് നുണ; ഇറാന്‍ സ്‌കൂളിലെ 175 പേരെ കൊന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം!
ദക്ഷിണ ഇറാനിലെ എലമെന്ററി സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തത് സത്യത്തില്‍ ആരാണ്? സ്‌കൂളിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം 175 പേരെ കൂട്ടക്കൊല നടത്തിയത് ആരാണ്? ദുരൂഹതകള്‍ മാറ്റി തെളിവുകള്‍ പുറത്തുവരുന്നു.
അമേരിക്കയാണ് പ്രതി എന്നായിരുന്നു ആദ്യ വാര്‍ത്ത. സംഭവം വിവാദമായതോടെ അമേരിക്ക കൈകഴുകി. തങ്ങളല്ല സ്‌കൂള്‍ ആക്രമിച്ചതെന്ന് അവര്‍ ആവര്‍ത്തിച്ചു. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതാണെന്നും പ്രചാരണമുണ്ടായി. എന്നാലിതാ അമേരിക്കന്‍ വാദങ്ങള്‍ പൊളിച്ചുകൊണ്ട് പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ആക്രമിച്ചത് അമേരിക്ക തന്നെയാണെന്നാണ് വ്യക്തമായത്.
ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ആ സംഭവം. ടെഹ്റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് മിനാബ് എന്ന ചെറുപട്ടണം. ഇവിടെയുള്ള ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു. ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്. കുട്ടികള്‍ അടക്കം 175 പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനുമുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഇവരെ അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരയിച്ചു
സ്‌കൂളിനടുത്ത് ഒരു നാവിക താവളമുണ്ട്. സ്‌കൂള്‍ തകര്‍ക്കപ്പെട്ട അതേ നേരത്ത് താവളത്തിനു നേര്‍ക്കുമുണ്ടായി ആക്രമണം. താവളത്തിലെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആദ്യമേ പറഞ്ഞിരുന്നു. സംഭവം നടന്ന് ആദ്യ നാലു ദിവസം അമേരിക്ക ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. എന്നാല്‍ അഞ്ചാം നാള്‍ അമേരിക്ക നിഷേധം തുടങ്ങി. ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ആ മേഖലയില്‍ ആക്രമണം നടത്തിയില്ലെന്ന് ഇസ്രായേലും പറഞ്ഞു. സ്‌കൂള്‍ ആക്രമിച്ച വിവരം ഞങ്ങളുടെ അറിവിലില്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് കാരലിന്‍ ലീവിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതോടെ പഴി ഇറാനുമേലായി. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റിയാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണമുണ്ടായി. ഇറാന്‍ അതു നിഷേധിച്ചിട്ടും പ്രചാരണം തുടര്‍ന്നു. ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ കഴിയാത്തതും പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താന്‍ സാധിക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.
ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണമാരംഭിച്ചത്. പുതുതായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍, വെരിഫൈഡ് വീഡിയോകള്‍, യുഎസ് രേഖകള്‍, ഔദ്യോഗിക വിശദീകരണങ്ങള്‍, വിദഗ്ധാഭിപ്രായം എന്നിവ പരിശോധിച്ചപ്പോള്‍ സത്യം പുറത്തുവന്നു. സ്‌കൂള്‍ തകര്‍ത്തത് അമേരിക്ക തന്നെ. നാവിക താവളത്തിന് നേരെയുള്ള പ്രിസിഷന്‍ ആക്രമണത്തിനിടയിലാണ് സ്‌കൂളും ആക്രമിക്കപ്പെട്ടത്.
താവളവും സ്‌കൂളും ഒന്നിച്ചാണ് ആക്രമിക്കപ്പെട്ടത് എന്ന് വ്യക്തമായത് അനേകം വീഡിയോ ദൃശ്യങ്ങളിലൂടെയും ഉപഗ്രഹ ചിത്രങ്ങളിലൂടെയുമാണ്. പുറത്തുവന്നആദ്യ വീഡിയോകള്‍, ദൃക്സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചപ്പോള്‍ നാവിക താവളവും സ്‌കൂളും ആക്രമിക്കപ്പെട്ടത് ഒരേ സമയത്താണെന്ന് വ്യക്തമായി. ജിയോലൊക്കേഷന്‍ വിദഗ്ധര്‍ പരിശോധിച്ച ഒരു വീഡിയോയിലും താവളത്തിന്റെ കവാടത്തിലൂടെ പോയ ഒരു വാഹനയാത്രികന്‍ പകര്‍ത്തിയ വീഡിയോയിലും ഇക്കാര്യം വ്യക്തം.
പ്ലാനറ്റ് ലാബ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് വാങ്ങിയ പുതിയ ഉപഗ്രഹ ചിത്രങ്ങളും രണ്ടു സംഭവങ്ങളും ഒരേ സമയത്താണെന്ന് വ്യക്തമായി. സ്‌കൂള്‍ ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങളും ലക്ഷ്യം തെറ്റാതെയുള്ള 'പിക്ചര്‍ പെര്‍ഫെക്റ്റ്' ആക്രമണത്തിലാണ് തകര്‍ന്നതെന്ന് പെന്റഗണിലെ മുന്‍ ഉപദേഷ്ടാവും നാഷണല്‍ സെക്യൂരിറ്റി അനലിസ്റ്റുമായ വെസ് ജെ. ബ്രയന്റ് സ്ഥീരീകരിച്ചു. ടാര്‍ഗറ്റ് തിരിച്ചറിയുന്നതില്‍ വന്ന പിഴവാകാം ഇതിനു കാരണമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഈ സമയത്ത് ഈ മേഖലയില്‍ വ്യോമാക്രമണം നടത്തിയതായി അമേരിക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം അന്ന് പുറത്തുവിട്ട ആക്രമിക്കപ്പെട്ട പ്രദേശങ്ങളുടെ ഭൂപടത്തിലും ഈ പ്രദേശം കാണാം. യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലിലെ സ്‌ട്രൈക്ക് ഗ്രൂപ്പ് കടലില്‍നിന്ന് ഈ ഭാഗത്തേക്ക് ആക്രമണം നടത്തുന്ന കാര്യം അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2013-ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഈ സ്‌കൂള്‍ ഒരുകാലത്ത് നാവിക താവളത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2016 -ലെ ഉപഗ്രഹ ചിത്രങ്ങളില്‍ സ്‌കൂള്‍ കെട്ടിടം വേര്‍തിരിക്കപ്പെട്ടതായി കണ്ടെത്തി. ഇത് സ്‌കൂള്‍ ആണെന്ന് ആ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി സ്‌കൂളില്‍ വീണെന്ന പ്രചാരണം തെറ്റാണെന്നാണ് ഡിഫന്‍സ് അനലിസ്റ്റുകളും വ്യക്തമാക്കിയത്. നിയന്ത്രണം വിട്ട ഒറ്റ ഇത്ര കൃത്യതയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
അപ്പോള്‍ എന്തായിരിക്കും ശരിക്കും സംഭവിച്ചിരിക്കുക? നാവിക താവളം ആക്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാവാനാണ് ഒരു സാധ്യത. പഴയ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സ്‌കൂള്‍ കെട്ടിടം താവളത്തിന്റെ ഭാഗമായി കരുതി ടാര്‍ഗറ്റ് ചെയ്തതാവാനുമുണ്ട് സാധ്യത. കാര്യം എന്തായാലും തെളിവുകള്‍ അമേരിക്കയ്ക്ക് എതിരാണ്. സ്‌കൂള്‍ ആക്രമണത്തിനും കുട്ടികളുടെ മരണത്തിനും യുഎസ് തന്നെയാണ് കാരണം
إرسال تعليق