മണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ അതിശക്ത തിരിച്ചടി, ഇസ്രയേലിൽ മിസൈൽ വർഷം; ഇസ്രയേലിന്‍റെ സ്ഥിരീകരണം, പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധഭീതി
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്താണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ആക്രമണത്തിന്‍റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറാന്‍റെ തിരിച്ചടി ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രയേൽ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ലക്ഷ്യം ഇറാനിലെ ഭരണമാറ്റമെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
إرسال تعليق