Join News @ Iritty Whats App Group

എപ്സ്റ്റീന്‍ ഫയല്‍ വിവാദം: കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം

എപ്സ്റ്റീന്‍ ഫയല്‍ വിവാദം: കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം


ദില്ലി: എപ്സ്റ്റീന്‍ ഫയല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടതെന്ന് ഹര്‍ദീപ് പുരി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തില്‍ ഇന്നും പാര്‍ലമെന്‍റിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബജറ്റ് ചര്‍ച്ചയിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതടക്കം ചോദ്യം ചെയ്താണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നടുത്തളത്തിലിറങ്ങി ചോദ്യോത്തരവേള തടസപ്പെടുത്തിയതോടെ ലോക്സഭ സ്തംഭിപ്പിച്ചു. തുടര്‍ന്ന് രണ്ടാം ഘട്ടമായ മാര്‍ച്ച് 9ലേക്ക് സഭ പിരിയുകയായിരുന്നു. രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂന്നോ നാലോ തവണ എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച ഹര്‍ദീപ് പുരി ഇന്ത്യയുടെ വികസന മോഡല്‍ പരിചയപ്പെടുത്താനെന്നാണ് അവകാശപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവും, മന്ത്രിയുമൊക്കെ ഉള്ള രാജ്യത്ത് ആരുടെ നിര്‍ദ്ദേശ പ്രകാരം ഹര്‍ദീപ് പുരി എപ്സ്റ്റീനെ കണ്ടുവെന്ന് വ്യക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അന്ന് സര്‍ക്കാരിന്‍റെ ഭാഗമല്ലാതിരുന്ന പുരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും എപ്സ്റ്റീന്‍ വിവാദവും, ഇന്ത്യ അമേരിക്ക വ്യാപാര കരാറുമൊക്കെ കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരെ കണ്ട രാഹുല്‍ ഗാന്ധി വ്യാപാരകരാറിലെ കര്‍ഷക വിരുദ്ധ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തു. കര്‍ഷകരുമായി ചേര്‍ന്ന് കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് നീക്കം.

Post a Comment

أحدث أقدم
Join Our Whats App Group