ഒരു തീരാനൊമ്പരമായി ഇന്നും ഹൃദയത്തിൽ അവശേഷിക്കുകയാണ് ഷുഹൈബ് എന്ന് കെ സി വേണുഗോപാൽ
ഇന്ന് (2026 ഫെബ്രുവരി 12 ) യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബ് കൊല്ലപ്പെട്ട ദിനമാണ്.2018 ഫെബ്രുവരി 12 നാണ് രാത്രി 10.45 നു എടയന്നൂർ തെരൂരിലെ തട്ടുക്കടയ്ക്കു മുന്നിലിട്ടാണ് ശുഹൈബിനെ അക്രമികൾ വെട്ടുന്നത്.സംഭവത്തിന് പിന്നിൽ സിപിഎം ക്രിമിനൽ സംഘമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.ശുഹൈബിന്റെ ഓർമ്മകൾക്ക് ഇന്ന് എട്ട് വർഷമാകുകയാണ് .എ ഐ സി സി ജനറൽ സെക്രട്ടറി ശുഹൈബിന്റെ ഓർമ്മകൾ പങ്കുവെച്ച് ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിന്റെ പൂർണരൂപം താഴെ :
“41 വെട്ട് കൊണ്ട് ശരീരം കഷ്ണങ്ങളായി നുറുങ്ങിയിരുന്നു. തുന്നിക്കെട്ടാൻ കഴിയാത്ത വിധം അവന്റെ കാലുകൾ ഇറച്ചി വെട്ടും പോലെ അവർ വെട്ടി. ഒരു നാടിന്റെ മുഴുവൻ സാന്ത്വനമായി നിലകൊണ്ട ചെറുപ്പക്കാരന്റെ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും വാർന്നുപോയെന്ന് ഉറപ്പുവരുത്തിയാണ് സിപിഎം ക്രിമിനലുകൾ ആ ക്രൂരത അവസാനിപ്പിച്ചത്. ഇടനെഞ്ചിലുണ്ട്, ഷുഹൈബിന്റെ ജീവൻ പിടയുന്ന വേദന, ഇപ്പോഴും.
ഒരു തീരാനൊമ്പരമായി ഇന്നും ഹൃദയത്തിൽ അവശേഷിക്കുകയാണ് ഷുഹൈബ്, സിപിഎമ്മിന്റെ കൊലക്കത്തി കൊണ്ട് മായ്ക്കാൻ കഴിയാത്ത ആവേശമായി. എടയന്നൂരിന്റെ നെഞ്ചിലല്ല, ഈ നാടിന്റെയൊട്ടാകെ ഹൃദയത്തിലുണ്ട് ഷുഹൈബ് എക്കാലവും. പ്രിയപ്പെട്ടവന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽക്കൂടി, മരണത്തിന് ഒരുകാലവും അടർത്തിയെടുക്കാൻ കഴിയാത്ത ഹൃദയാഭിവാദ്യങ്ങൾ.”
Post a Comment