ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പ്; മുതിര്‍ന്ന പൗരന്മാര്ക്കായി എന്‍പിസിഐ ബോധവത്കരണം
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഉടമസ്ഥതയിലുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായി ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപമാക്കുന്നു.
സോഷ്യല്‍ എന്‍ജിനീയറിംഗും മറ്റും ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാരുടെ പണം തട്ടിക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കുന്നത്. സാധാരണയായി പണം തട്ടിക്കുന്ന സംഘങ്ങളേയും അവരുടെ രീതികളേയും കുറിച്ചുള്ള മുന്നറിയിപ്പ് ഉള്‍പ്പെടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്.
ഡിജിറ്റല്‍ അറസ്റ്റ്, നിക്ഷേപ വഞ്ചന, ഫിഷിംഗ്/വിഷിംഗ് തട്ടിപ്പുകള്‍, ടെക് പിന്തുണ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍, റീഫണ്ടും പണമിടപാടുമായി ബന്ധപ്പെട്ട ലിങ്കുകള്‍ മുഖേനയുള്ള തട്ടിപ്പുകള്‍ തുടങ്ങിയ രീതികളിലൂടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍പിസിഐ ആവശ്യപ്പെടുന്നു. യുപിഐ പിന്, പാസ്വേഡുകള് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിചിതമല്ലാത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യരുതെന്നും എന്‍പിസിഐ മുന്നറിയിപ്പുകളില്‍ പറയുന്നു.
ജാഗ്രതയോടെ മാത്രം നിക്ഷേപം നടത്താനും അപരിചിത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുതെന്നും പറയുന്ന എന്‍പിസിഐ ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി ദേശീയ സൈബര്‍ ക്രൈം ഹെല്പ്ലൈന് നമ്പറായ 1930 ഡയല് ചെയ്യുകയോ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് വെബ്സൈറ്റ് (https://sancharsaathi.gov.in/sfc/) വഴി റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാനും നിര്‍ദേശിക്കുന്നു.
Post a Comment