ആറളം പുനഃരധിവാസ മേഖലയിൽ ധനസഹായം കിട്ടാക്കനി; രണ്ട് ഗഡുക്കളായികിട്ടേണ്ട തുക രണ്ടു വർഷമായിട്ടും കിട്ടിയില്ലെന്ന് കുടുംബങ്ങൾ
ഇരിട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം പുനഃരധിവാസ മേഖലയിൽ കിണർ കുഴിക്കുന്നതിന് പുനരധിവാസ കമ്മീഷൻ പ്രഖ്യാപിച്ച 15,000 രൂപയ്ക്കായി ഉപയോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു. പുനഃരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ കിണർ നിർമാണമാരംഭിച്ചരാണ് രണ്ടു വർഷമായിട്ടും സർക്കാർ പ്രഖ്യാപിച്ച തുകയ്ക്കായി കാത്തിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കിണർ കുഴിച്ച് വെള്ളം കണ്ടാൽ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള അപേക്ഷ പ്രമോട്ടർമാർ മുഖേന ടിആർഡിഎമ്മിൽ സമർപ്പിക്കണം. ഇതു പ്രകാരം ആദ്യഗഡുവായ 75000 രൂപ അനുവദിക്കും. കിണറിന് ആൾമറ കെട്ടിയ ശേഷം സമാന രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ രണ്ടാം ഗഡുവായി 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ കിണർ കുഴിച്ച് ആദ്യഗഡുവിനായി അപേക്ഷ നൽകിയിട്ട് രണ്ടു വർഷമായിട്ടും തുക ലഭിച്ചില്ലെന്നാണ് താമസക്കാർ പറയുന്നത്. ആദ്യഗഡു ലഭിച്ച ശേഷം ആൾമറകെട്ടാമെന്ന് കരുതിയവർക്ക് ഇപ്പോൾ വീട്ടുമുറ്റത്തെ കിണർ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ കാട്ടുന്ന നിസംഗതയാണ് ധനസഹായം വൈകാൻ കാരണമെന്ന് താമസക്കാർ പറയുന്നു.
രണ്ടു വർഷമായിട്ടും ആദ്യഗഡുവിനായി കാത്തിരിപ്പ്
ബ്ലോക്ക് 13 ലെ പ്ലോട്ട് നമ്പർ 443 ലെ കെ.കെ. രതീഷ് വീടിനോട് ചേർന്ന് കിണർ നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും സഹായധനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഏഴു കോൽ ആഴമുള്ള കിണറിന്റെ നിർമാണത്തിന് സഹായധനമായി പ്രഖ്യാപിച്ചതിലും ഏറെ തുക ചെലവായതായും രതീഷ് പറഞ്ഞു. ധനസഹായമായി പ്രഖ്യാപിച്ച് തുക കിണറിന്റെ ആൾമറ കെട്ടാൻ പോലും തികയില്ലെന്നാണ് രതീഷ് പറയുന്നത്.
ബ്ലോക്ക് ഒമ്പതിലെ പ്ലോട്ട് നമ്പർ 659 ലെ ചന്ദ്രന്റെ കുടുംബത്തിനും പറയാനുള്ളത് സമാന കാര്യമാണ്. കൂലി കൊടുത്ത് കിണർ കുഴിപ്പിക്കാനുള്ള സാന്പത്തിക ശേഷി ഇല്ലാത്തതിനാൽ ചന്ദ്രനും കുടുംബവും ചേർന്നാണ് 14 കോൽ ആഴമുള്ള കിണർ സ്വന്തമായി കുഴിക്കുകയായിരുന്നു.
വെള്ളം കണ്ടതോടെ പ്രമോട്ടർ മുഖേന അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ആൾമറ കെട്ടാത്തത് കാരണം മഴക്കാലത്ത് വെള്ളം കിണറ്റിലേക്ക് ഒഴുകി വരികയും കിണർ ഇടിയുകയും ചെയ്തു.
വെള്ളം കലങ്ങുന്നതു കാരണം ഉപയോഗിക്കാനും കഴിയുന്നില്ല. വീട്ടിലുള്ള ചെറിയ കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്പോൾ കിണറിൽ വീഴാനുള്ള അപകട ഭീഷണിയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജോലിക്കു പോലും പോകാതെ കുട്ടികൾക്കു കാവലിരിക്കുകയാണിപ്പോഴെന്ന് ചന്ദ്രൻ പറഞ്ഞു.
അതേ സമയം ചിലർക്ക് ആദ്യഗഡുവും മറ്റു ചിലർക്ക് രണ്ടു ഗഡുവും ലഭിച്ചിട്ടുമുണ്ട്. അപേക്ഷകളിൻ മേൽ തീർപ്പാക്കി ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ താത്പര്യം കാട്ടാത്തതാണ് തങ്ങൾക്ക് ഫണ്ട് പാസാകാൻ തടസമെന്നാണ് രതീഷും ചന്ദ്രനും ആരോപിക്കുന്നത്.
إرسال تعليق