Join News @ Iritty Whats App Group

'എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്‌ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല'; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്

'എൻ്റെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ഡോക്‌ടർ അങ്ങനെയൊരു കാര്യം പറഞ്ഞുമില്ല'; മരിച്ച രണ്ടര വയസുകാരി ഐഷയുടെ പിതാവ്


തിരുവനന്തപുരം: രണ്ടര വയസുകാരി ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വാദങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ്. ഡോക്ടർ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയിൽ വച്ചും ഡോക്ടർ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. അതിന് ശേഷമാണ് ആരോഗ്യനില വഷളായത്. വീട്ടിൽ നിന്ന് നടന്ന് വന്ന കുഞ്ഞിനെയാണ് അബോധാവസ്ഥയിൽ എത്തിച്ചെന്ന് ആശുപത്രി അധികൃതർ പറയുന്നത്. കുത്തിവെപ്പ് എടുത്ത ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. ഐഷാ ഫാത്തിമയുടെ മരണത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയിൽ പറയുന്നത്. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മമല്‍ ആശുപത്രിയിലെ ഡോക്ടർ അരുൺ വാര്യർ പ്രതികരിച്ചത്. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും. നെയ്യാർ മെഡിസിറ്റിയിൽ നിന്ന് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Post a Comment

أحدث أقدم
Join Our Whats App Group