Join News @ Iritty Whats App Group

'വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചില്ലേ, എന്നിട്ടെന്തായി', അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെ വിമർശനം

'വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചില്ലേ, എന്നിട്ടെന്തായി', അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെ വിമർശനം


തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ ഇ ശ്രീധരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. കേരളത്തിൽ അതിവേഗ പാതയുടെ സാധ്യതകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മെട്രോമാൻ ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും, ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് (AIIMS) പോലുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണെന്നും, വികസന കാര്യത്തിൽ ബി ജെ പിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേന്ദ്ര സർക്കാറിന്റെ നടപടികളെ വാക്കിലോ നോക്കിലോ വിമർശിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കേരള സർക്കാരിനെയും കേരളത്തെയും വിമർശിക്കുന്ന നിലപാട് കോൺഗ്രസും, മുസ്ലിം ലീഗും സ്വീകരിച്ചു. ഇത് കേന്ദ്ര സർക്കാർ അവസരമായി കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്നു. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്ന പ്രതീതിയാണ് കേന്ദ്രത്തിനുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് ശ്രീധരൻ

അതേസമയം കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടെന്നാണ് മെട്രോമാൻ ഇ ശ്രീധരന്‍റെ നിലപാട്. ഇതിനായി നാളെ മലപ്പുറം പൊന്നാനിയില്‍ ഓഫീസ് തുറക്കുമെന്നടക്കം അദ്ദേഹം പ്രഖ്യാപിച്ചു. നാളെ രാവിലെ ഒമ്പതയോടെ അദ്ദേഹം തന്നെയാകും ഓഫീസ് ഉദ്ഘാടനം ചെയ്യുക. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി. പിന്നാലെ ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 15 മുതൽ ഇതിനായി യോഗങ്ങൾ നടത്തും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പിന്നാലെ തന്‍റെ അതിവേഗ റെയിൽ പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മെട്രോമാൻ വിവരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group