Join News @ Iritty Whats App Group

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'


തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ടുപേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെയാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സംശയങ്ങൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. എന്നാൽ പുരുഷന്റെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായില്ല. രണ്ട് പേരുടെയും സാമ്പിൾ കൂടുതൽ പരിശോധനയ്ക്ക് അയക്കാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. അന്തിമ നിഗമനം അതിന് ശേഷം മാത്രമായിരിക്കും.

അതേസമയം, വിഴിഞ്ഞത്തെ ഹോട്ടലിനെതിരായ പരാതിയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്താനായില്ല. ഹോട്ടലിൽ നിന്നുള്ള മീനിന്റെ സാമ്പിൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലിലേക്ക് മീൻ വാങ്ങുന്ന സ്ഥാപനത്തിൽ നിന്നും വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു. ഇന്നത്തെ പരിശോധനയിൽ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്താനായില്ല.

കണവ തോരനും മീൻ മുട്ടയും കപ്പയും പൊറോട്ടയുമാണ് കുടുംബം കഴിച്ചത്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയുമാണ് മരിച്ചത്. ഭക്ഷണം കഴിച്ച് ഒരു മണിയോടെയാണ് ഇവർ ഹോട്ടലിൽ നിന്ന് മടങ്ങിയത്. അല്പസമയം കഴിഞ്ഞപ്പോൾ തന്നെ റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ അവരുടെ നാവ് കുഴയുകയും ശരീരം തളരുകയുമായിരുന്നു.

തളർച്ച അനുഭവപ്പെട്ടപ്പോൾ അവർ വെള്ളം ചോദിച്ചു. തുടർന്ന് കട്ടൻ ചായ വാങ്ങി നൽകി. ഇതിനിടെ ഷാജിയും കടുത്ത രീതിയിൽ ശർദ്ദിക്കാൻ തുടങ്ങി. സ്ഥിതി വഷളായതോടെ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. റഷീദാ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ സജീനയും സമാനമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ ആദ്യം പാരിപ്പള്ളിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടർന്ന് മാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

Post a Comment

Previous Post Next Post
Join Our Whats App Group