സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് തീവച്ചു
തിരുവനന്തപുരം: കണ്ണൂരില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പുതുയുഗയാത്രയുടെ ഫ്ളക്സുബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നത് സംഘര്ഷങ്ങള്ക്കിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ ഉള്‍പ്പെടെ ആക്രമണം നടന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കുനേരെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഡിസിസി ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് ഓഫീസിന് തീവച്ചു
ന്യു മാഹി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീവച്ചു.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഓടിട്ട ഓഫീസ് മേൽക്കൂരയുടെ കഴുക്കോലുകൾ കത്തി നശിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ കല്ലിൽത്താഴ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി മെംബർ രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി വി.സി. പ്രസാദ് എന്നിവർ ആക്രമികൾക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം
മാലൂർ: മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. മാലൂർ പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന് നേരെയാണ് അക്രമമുണ്ടായത്.ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചുമർ ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. അഞ്ച് ജനൽ ചില്ലുകളാണ് തകർത്തത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
Post a Comment