വോട്ടർ പട്ടികയിൽ പേരില്ലേ, ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം; അപ്പീൽ നൽകാൻ അവസരം, പേരും ചേർക്കാനാകുമെന്ന് അറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീൽ സമർപ്പിക്കാൻ.
രണ്ടാം അപ്പീൽ: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേൽ തൃപ്തരല്ലെങ്കിൽ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) രണ്ടാം അപ്പീൽ നൽകാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികൾ. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം
https://electoralsearch.eci.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
Post a Comment