കര്‍ഷകര്‍ക്ക് സുരക്ഷിതമായി ജീവിക്കാൻ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണം: മാര്‍ ജോസഫ് പാംപ്ലാനി
ചെമ്പേരി : കടബാധ്യതയിലും കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ് ഭൂരിഭാഗം കർഷകരെന്നും തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി."തളിർ' കർഷക സെമിനാറില്‍ അധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ബിഷപ്. ജപ്തി നടപടികള്‍ ഒഴിവാക്കിയ ബില്‍ സംസ്ഥാന സർക്കാർ പാസാക്കിയത് ബാങ്കുകള്‍ അറിഞ്ഞിട്ടില്ല. നിയമവും ബില്ലുകളും സർക്കാർ പാസാക്കിയതു കൊണ്ടുമാത്രം കാര്യമില്ല. കർഷകർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യവും ഒരുക്കാൻ തയാറാകണം.
കാട്ടുമൃഗങ്ങളും കാലാവസ്ഥ വ്യതിയാനവും കർഷകരുടെ പ്രതീക്ഷകള്‍ തകർക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളില്‍ 14 ലക്ഷം കോടിയുടെ കടങ്ങളാണ് കേന്ദ്രസർക്കാർ എഴുതിതള്ളിയത്. ഈ കടങ്ങള്‍ കർഷകരുടേതല്ല. കോർപറേറ്റ് മുതലാളിമാരുടേതാണ്. രാജ്യത്തെ ചെറുകിട കർഷകരുടെ കടം എഴുതിതള്ളാൻ സർക്കാരുകള്‍ക്ക് വേണ്ടത് 3000 മുതല്‍ 4000 വരെ കോടി രൂപയാണ്. എന്നിട്ടും ദേശീയ ഭരണകൂടം ഇതിന് തയാറാകുന്നില്ല. കേരളത്തിലെ കർഷകരുടെ വായ്പയുടെ പലിശ എഴുതി തള്ളാൻ സംസ്ഥാന സർക്കാരുകളും തയാറാകുന്നില്ല. കർഷകർ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കർഷകർ തന്നെ പരിഹാരം കണ്ടെത്താൻ തയാറാകണം. കൃഷിയെ വ്യവസായമാക്കി മാറ്റണം. കാർഷിക വിളകളെ മൂല്യവർധിത വസ്തുക്കളാക്കി മാറ്റണം. കർഷകരും സർക്കാരും ഒരേ മനസോടെ നിന്ന് പ്രവർത്തിച്ചാല്‍ കർഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
റബറിന്റെ കുത്തക കോർപറേറ്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവരാണ് റബറിന്റെ വില തീരുമാനിക്കുന്നത്. കോർപറേറ്റുകളെ തകർക്കാർ സർക്കാരും കർഷകരും ചേർന്ന് സംസ്ഥാനത്ത് റബർ ഫാക്ടറി ആരംഭിക്കണം. അവിടെ ടയറുകള്‍ ഉത്പാദിപ്പിക്കണം. സർക്കാരിന്റെ വണ്ടികള്‍ ഈ ടയറുകള്‍ ഉപയോഗിക്കണം. ഇങ്ങനെ തീരുമാനിച്ചാല്‍ റബർ വില നിയന്ത്രിക്കുന്ന കുത്തകകളെ തകർക്കാൻ കഴിയുമെന്നും തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാല്‍, ബയോമൗണ്ടൻ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ഫാ. ബെന്നി നിരപ്പേല്‍, കർഷക സെമിനാർ സംഘാടക സമിതി ചെയർമാൻ പി.കെ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ പി.ജി. ഗ്രീന ക്ലാസെടുത്തു. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പില്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ദീപിക അഗ്രിടെക് അവാർഡ് നേടിയ സിജെ അഗ്രോടെകിലെ റിൻസി ജെറിൻ, ദീപിക ഗോള്‍ഡൻ ഹൈവ് അവാർഡ് നേടിയ ഹെക്സ അപിയറിയം പ്രൈവറ്റ് ലിമിറ്റഡ് എംഡി ജിജി ജോർജ് ചേറ്റാനിയേയും ഭാര്യ റോഷി ജിജിയേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പൊന്നാടയണിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനെ ചടങ്ങില്‍ തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.
ദീപിക കണ്ണൂർ യൂണിറ്റ് അസി. റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയില്‍, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഇമ്മാനുവേല്‍, ദീപിക അസി. ജനറല്‍ മാനേജർ (സർക്കുലേഷൻ) ജോർജ് തയ്യില്‍, ഏരുവേശി പഞ്ചായത്തംഗം മേരി ഫ്രാൻസീസ്, ഡിഎഫ്സി ചെന്പേരി ഫൊറോന പ്രസിഡന്റ് ജോണ്‍സണ്‍ പുലിയുറുന്പില്‍, രാഷ്ട്രീയ കിസാൻ മഹാസംഘ് ബിനോയ് തോമസ്, ആർപിഎസ് പ്രതിനിധി എ.കെ. പീറ്റർ, എഫ്‌ഐസി പ്രസിഡന്റ് ജോമി മുതുകുന്നേല്‍, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് വർഗീസ് ചാമക്കാല, ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയാ നെല്ലംകുഴി എന്നിവർ സന്നിഹിതരായിരുന്നു.
കർഷക സെമിനാറിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവു തെളിയിച്ച കർഷകരെ ആദരിച്ചു. സെമിനാറിന് മുന്നോടിയായി വിളമത്സര പ്രദർശനവും നടന്നു. കാർഷിക സെമിനാറിന് ദീപിക സർക്കുലേഷൻ എക്സിക്യൂട്ടീവുകളായ സുനില്‍ കെ.പീറ്റർ, എം.ഡി. തോമസ്, പി.എം. ബാബു, ബിനോയ് ഓരത്തേല്‍, സാവിയച്ചൻ, ഷിജോ ജേക്കബ്, രാഷ്ട്രദീപിക എക്സിക്യൂട്ടീവ് രജിത് കുമാർ എന്നിവർ നേതൃത്വം നല്കി.
إرسال تعليق