Join News @ Iritty Whats App Group

ഇരിട്ടി പോലീസ് കേരളത്തില്‍ നമ്പര്‍ വണ്‍...

ഇരിട്ടി പോലീസ് കേരളത്തില്‍ നമ്പര്‍ വണ്‍...


1948ല്‍ മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന ഇരിട്ടിയില്‍ 1952ലാണ് ആദ്യത്തെ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്.

ഒരുവർഷത്തിനുള്ളില്‍ തന്നെ 1953ല്‍ ഇരിട്ടി പോലീസ് സ്റ്റേഷൻ ആയി പരിഗണിക്കപ്പെട്ടു.

1974ലാണ് പായം പഞ്ചായത്തിലെ 1.6 ഏക്കർ സ്ഥലത്ത് ഇന്നുകാണുന്ന പോലീസ് സ്റ്റേഷന്റെ ആദ്യ കെട്ടിടം നിർമിച്ചത്. കീഴുർ, പായം, വിളമന, അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ് വാർഡുകളും ചേർന്ന് 72.42 സ്ക്വയർ കിലോമീറ്ററാണ് ഇരിട്ടി പോലീസ് സ്റ്റേഷന്റെ പരിധി.

കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന ചെക്പോസ്റ്റുകളില്‍ ഒന്നായ കൂട്ടുപുഴ ഉള്‍പ്പടെ വളരെ പ്രധാനപെട്ട സ്ഥലങ്ങള്‍ ഇരിട്ടി സ്റ്റേഷൻ പരിധിയിലുണ്ട്.

2013ലാണ് ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, ഇരിക്കൂർ തുടങ്ങി അഞ്ചു പോലീസ് സ്റ്റേഷനുകള്‍ ചേർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ ഓഫിസ് നിലവില്‍ വന്നത്.

കേരളത്തില്‍ നമ്പർ വണ്‍

നവംബറില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ കേന്ദ്ര അഭ്യന്തര വകുപ്പില്‍ നിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തില്‍ 564 പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഇരിട്ടിയെ നമ്പർ വണ്‍ ആയി പ്രഖ്യാപിച്ചത്. 2025 വർഷത്തില്‍ സ്റ്റേഷനില്‍ നടത്തിയ പ്രവർത്തനങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു അംഗീകാരം ലഭിച്ചത്.

ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങളുടെ എണ്ണം, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കല്‍, മോഷണം തടയല്‍, കുറ്റവാളികളെ കണ്ടെത്തി പിടികൂടല്‍, സ്റ്റേഷനില്‍ എത്തുന്ന പരാതികളുടെ തീർപ്പാക്കല്‍, സ്റ്റേഷൻ കെട്ടിടവും പരിസരവും സംരക്ഷണം, ഓഫീസിന്റെ കൃത്യമായ പ്രവർത്തന രീതി, സ്റ്റേഷൻ സംബധമായ വിവരങ്ങള്‍ സൂക്ഷിക്കുന്നത് എന്നിവയെല്ലാം പരിഗണിച്ചയിരുന്നു കേന്ദ്ര സംഘം കേരളത്തില്‍ ഇരിട്ടിയെ നമ്പർ വണ്‍ ആയി പ്രഖ്യാപിച്ചത്.

മൂന്നു ടീമുകളായി തിരിഞ്ഞ് പ്രവർത്തനം

കോഴിക്കോട് ജില്ലയിലെ നാദാപുരം ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച അന്നത്തെ ഇരിട്ടി എസ്‌എച്ച്‌ഒ കുട്ടികൃഷ്ണനാണ് പുരസ്കാരത്തിന് ആവശ്യമായ പ്രവർത്തനങ്ങള്‍ ക്രോഡീകരിച്ചത്.

സ്റ്റേഷൻ സംബന്ധമായ വിവരങ്ങളുടെ ഏകീകരണം, ഓഫിസ് കെട്ടിടത്തിന്റെ മോടിപിടിപ്പിക്കല്‍, ഓഫിസിന്റെ പ്രവർത്തനങ്ങളുടെ ഏകീകരണം എന്നീ മൂന്ന് ഗ്രുപ്പുകളിയി തിരിച്ചായിരുന്നു പ്രവർത്തനം.

നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ പ്രവർത്തങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തേക്ക് ഇരിട്ടി സ്റ്റേഷനെ എത്തിച്ചത്.

കുറ്റാന്വേഷണ മികവും മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനവും

സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുന്ന ചെറുതും വലുതുമായ കേസുകള്‍ കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്ന അന്വേഷണ മികവ് ഇരിട്ടി പോലീസ് പലതവണ തെളിയിച്ചിട്ടുണ്ട്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച്‌ 20ലധികം മയക്കുമരുന്ന് കേസുകള്‍ ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്.

കൂട്ടുപുഴ എക്സൈസ് ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വാഹനവുമായി കടന്നുകളഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ പിന്തുടർന്ന് പിടികൂടിയത്, ബിഎസ്‌എൻഎല്‍ ഓഫിസില്‍ മോഷണം നടത്തിയ അന്തർസംസ്ഥാന പ്രതിയെ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പിടികൂടിയത്,

ഇരിട്ടിയിലെ ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ മോഷണം നടത്തിയ പ്രതികളെ രണ്ടുവർഷത്തിന് ശേഷം പിടികൂടിയത്, ഇരിട്ടിയിലെ സ്ഥാപനങ്ങളിലും ആരാധന ആലയങ്ങളിലും മോഷണം നടത്തിയ പ്രതികളെ പിടികൂടിയത്, മരവ്യാപാരികളെ കബിളിപ്പിക്കുന്ന കുപ്രിദ്ധ മോഷ്ടാവിനെ തന്ത്രപരമായി പിടികൂടിയത് ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇരിട്ടി പോലീസിന്റെ കൃത്യമായ നീക്കത്തിലൂടെ തെളിയിക്കപ്പെട്ടത്.

കർമനിരതരായി 53 അംഗ സേന

ഇരിട്ടിഎസ്‌എച്ച്‌ഒ മെല്‍ബിൻ ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ. ഷറഫുദ്ദീൻ, റെജി സ്കറിയ, ടി.ജി. അശോകൻ, മുഹമ്മദ് നജ്മി ഉള്‍പ്പെടെ 53 പേരാണ് ഇരിട്ടി സ്റ്റേഷൻ സേനയില്‍ ഉള്ളത്.

ഇരിട്ടി ജനമൈത്രി പോലീസിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രവൃത്തി അവാർഡിന് പരിഗണിച്ചതല്ലെങ്കിലും എന്നും ഓർമിക്കേണ്ടതാണ്. കിളിയന്തറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശി യുവാവ് ചെന്നൈയില്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ മരണപ്പെട്ടിരുന്നു.

കേസ് രജിസ്റ്റർ ചെയ്തത് ഇരിട്ടി സ്റ്റേഷൻ പരിധിയില്‍ ആയിരുന്നതുകൊണ്ട് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കാൻ ഇരിട്ടിയില്‍ നിന്നും ഉദ്യോഗസ്ഥർ ചെന്നൈയില്‍ എത്തേണ്ടതുണ്ട്.

ചുരുങ്ങിയത് രണ്ടുദിവസത്തെ നടപടിക്രമണങ്ങള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ രേഖകള്‍ ഉള്‍പ്പെടെ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റി നടപടികള്‍ പൂർത്തിയാക്കാൻ കഴിയുകയുള്ളു.

എന്നാല്‍, മണിക്കൂറുകള്‍കൊണ്ട് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി എസ്‌ഐ റെജി സ്കറിയയെ ഫ്ലൈറ്റില്‍ ചെന്നൈയിലേക്ക് അയച്ച്‌ 24 മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കി കുടുംബത്തിന് മൃതശരീരം വിട്ടുകൊടുക്കാൻ കാണിച്ച പ്രവർത്തനം ഏറെ പ്രശംസക്ക് കാരണമായിരുന്നു. എ. കുട്ടികൃഷ്ണൻ തന്നെയായിരുന്നു അന്നും എസ്‌എച്ച്‌ഒ.

മറ്റൊരു നേട്ടമാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തെ "അന്നം അഭിമാനം' പദ്ധതി. ഇരിട്ടിയില്‍ എത്തുന്നവർക്ക് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് കഴിഞ്ഞ രണ്ടുവർഷമായി ഭക്ഷണം നല്‍കിപ്പോരുന്ന ഈ പദ്ധതി മറ്റൊരു അംഗീകാരമാണ്.

സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോണ്‍ഫറൻസില്‍ വച്ച്‌ ഇരിട്ടി എസ്‌എച്ച്‌ഒ പുരസ്ക്കാരം ഏറ്റുവാങ്ങും.

dysp dhanjayababu.jpg1771226075.jpg
കൂട്ടായ പ്രവർത്തനമാണ് വിജയത്തിനു പിന്നിലെ രഹസ്യം

കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് പിന്നലെ രഹസ്യം. വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പ്രവർത്തങ്ങളാണ് ഇരിട്ടിയെ പോലുള്ള പോലീസ് സ്റ്റേഷനെ കേരളത്തിലെ നമ്പർ വണ്‍ സ്റ്റേഷനായി ഉയർത്തിയത്.

മുന്പ് ജോലിചെയ്തവരും ഇപ്പോള്‍ ചെയ്യുന്നവരും ഒരേ മനസോടെ പ്രവർത്തിച്ചു. ഈ അഭിമാനനേട്ടം ഇരിട്ടി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന് ലഭിച്ചതില്‍ അഭിമാനിക്കുന്നു.

പിന്നില്‍ പ്രവർത്തിച്ചവർക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനജ്ഞയ ബാബു

sho melbin jose.jpg1771226075.jpg
കൂട്ടായ പ്രവർത്തനവും മേലുദ്യോഗസ്ഥരുടെ പിന്തുണയും

അപൂർവ നേട്ടത്തിലേക്ക് എത്താൻ കാരണം കൂട്ടായ പ്രവർത്തനവും മേലുദ്യോഗസ്ഥരായ റൂറല്‍ എസ്പി അനുജ് പലിവാള്‍, ഡിവൈഎസ്പി പി.കെ. ധനജ്ഞയ ബാബു എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ്.

പൂർത്തീകരിച്ച പ്രവർത്തികള്‍ക്ക് അന്തിമ രൂപം നല്‍കുക മാത്രമായിരുന്നു എന്റെ ഡ്യൂട്ടി. വയനാട് ജില്ലയിലെ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ആയിരുന്നു മത്സരത്തില്‍ ഒപ്പമുണ്ടയിരുന്നത്.

കണ്ണൂർ റൂറല്‍ ജില്ല രൂപീകൃതമായ ശേഷം ഒരു പോലീസ് സ്റ്റേഷന് ലഭിക്കുന്ന ആദ്യ അംഗീകാരം കൂടിയാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group