ഇറാനല്ല, ഇന്ത്യ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങും, നിർണ്ണായക അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ
വാഷിംഗ്ടൺ: ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യ ഇനി ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് പകരം വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഇതുസംബന്ധിച്ച ധാരണയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഡൽഹിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
വെനിസ്വേലയിലെ നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിച്ച അമേരിക്കൻ നീക്കത്തിന് പിന്നാലെയാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ട്രംപ് മുൻപ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനും ഇന്ത്യക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വെനിസ്വേലൻ എണ്ണ നിക്ഷേപങ്ങൾക്ക് മേൽ അമേരിക്ക ഇപ്പോൾ പൂർണ്ണ നിയന്ത്രണം നേടിയതായി ട്രംപ് അവകാശപ്പെടുന്നു.
അതേസമയം, വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ അവിടുത്തെ പുതിയ നേതൃത്വവുമായി ഇന്ത്യ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനിസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡിന്റെ അവകാശവാദം എന്നതാണ് ശ്രദ്ധേയമാകുന്നത്.
ബന്ധങ്ങൾ 'പുതിയ ഉയരങ്ങളിലേക്ക്' എത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആഗോള തലത്തിൽ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഡുറോയുടെ പതനത്തിന് ശേഷം വെനിസ്വേലയിലെ പുതിയ നേതൃത്വവുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്. ചൈനയിലേക്കുള്ള വെനിസ്വേലൻ എണ്ണ കയറ്റുമതി ജനുവരിയിൽ പൂജ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
إرسال تعليق