ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ രാജ്യങ്ങൾ തമ്മിലുണ്ടായ ശക്തമായ ബന്ധത്തിന് പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് ഞാൻ നന്ദി അറിയിക്കുന്നുവെന്ന് മോദി സാമൂഹിക മാധ്യമത്തിലൂടെ കുറിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇന്ന് രാവിലെ ഇരു രാജ്യങ്ങളും പങ്കുവച്ചിരുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ കര്‍ഷകര്‍, സംരംഭകര്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പ് നവോത്ഥാനകര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവർക്കായി പുതിയ അവസരങ്ങൾ തുറന്ന് ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. സ്ത്രീകൾക്കും യുവജനങ്ങൾക്കും വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വ്യാവസായിക മന്ത്രി പിയൂഷ് ഗോയൽ ഫേസ്ബുക്കിൽ പങ്കുവച്ച സംയുക്ത പ്രസ്താവന ഷെയർ ചെയ്തു കൊണ്ടാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.
അതേ സമയം, റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും.അഞ്ചുവര്‍ഷത്തിനുള്ളിൽ 50000 കോടി ഡോളറിന്‍റെ സാധനങ്ങള്‍ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.
എന്നാൽ, ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതേസമയം, ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യമടക്കം പരാമര്‍ശിച്ചിട്ടില്ല. അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
إرسال تعليق