Join News @ Iritty Whats App Group

യുപിയില്‍ വീട് പൊളിക്കാൻ ബുള്‍ഡോസറുമായെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ കല്ലേറ്; പൊലീസുകാരടക്കം എട്ട് പേര്‍ക്ക് പരിക്ക്

യുപിയില്‍ വീട് പൊളിക്കാൻ ബുള്‍ഡോസറുമായെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ കല്ലേറ്; പൊലീസുകാരടക്കം എട്ട് പേര്‍ക്ക് പരിക്ക്


ഖ്നൗ: ഉത്തർപ്രദേശില്‍ കൈയേറ്റമാരോപിച്ച്‌ വീട് പൊളിക്കാൻ ബുള്‍ഡോസറുമായെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ കല്ലേറ്.

ബലിയ ജില്ലയിലെ ഹഥൗജ് ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. കല്ലേറില്‍ പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമുള്‍പ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ബുള്‍ഡോസറിന്റെ ഡ്രൈവർ ഇറങ്ങിയോടി.

ഗ്രാമത്തിലെ രണ്ട് അനധികൃത വീടുകള്‍ പൊളിച്ചുനീക്കാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ പറഞ്ഞു. സിക്കന്ദർപൂർ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തഹസില്‍ദാറും റവന്യു, പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ‌അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി.

എന്നാല്‍ ഗ്രാമത്തില്‍ പ്രവേശിച്ചതോടെ നാട്ടുകാർ കൂട്ടത്തോടെയെത്തുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ അ‍ഞ്ച് പൊലീസുകാർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹഥൗജ് ഗ്രാമത്തിലെ സിദ്ധാർഥ് രഞ്ജൻ റായ് എന്നയാളാണ് ഗ്രാമത്തിലെ സർക്കാർ ഭൂമിയില്‍ കൈയേറ്റവും അനധികൃത നിർമാണവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. 2024 ഫെബ്രുവരിയിലായിരുന്നു ഇത്. രാം ഗോവിന്ദ്,‌ രാം ബച്ചൻ എന്നിവർക്കെതിരെയായിരുന്നു പരാതി. തുടർന്ന് ഡിസംബറില്‍ വാദം കേട്ട കോടതി, കൈയേറ്റം പൊളിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു.

2000ത്തിലധികം വീടുകള്‍ ഉള്ള ഗ്രാമത്തില്‍ രാം ഗോവിന്ദിന്റെയും രാം ബച്ചന്റേയും വീടുകളാണ് അനധികൃത നിർമാണത്തിന്റെ പരിധിയില്‍ വരുന്നതെന്നും 15 ദിവസം മുമ്ബ് ഇരുവർക്കും കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ കൈയേറ്റം സ്വയം ഒഴിപ്പിക്കാതിരുന്നതോടെ, അഞ്ച് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാർക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിക്കല്‍ നടപടിക്കായി സ്ഥലത്തെത്തുകയായിരുന്നു.

അനധികൃതമെന്ന് കണ്ടെത്തിയ വീടുകള്‍ പൊളിക്കാനായി മുന്നോട്ടുനീങ്ങവെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധിക്കുകയും ബുള്‍ഡോസറിന്റെ ഗ്ലാസുകള്‍ തകർക്കുകയും ചെയ്തു. ഇതോടെ, പൊലീസുകാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചു.

എന്നാല്‍ പ്രതിഷേധക്കാർ അടങ്ങിയില്ല. ഇതിനിടെ, ജനക്കൂട്ടം പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിയുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഒടുവില്‍ ഒന്നര മണിക്കൂറിന് ശേഷം ഭരണകൂടം വീടുകള്‍ പൊളിക്കുകയും ചെയ്തു.

സംഭവത്തില്‍ ലേഖ്പാല്‍ അമിത് റായിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, 150 പേർക്കെതിരെ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, പൊലീസുകാർ തങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ചുകടക്കുകയും ബൈക്കുകളും വീട്ടുപകരണങ്ങളും ജനാലകളുമുള്‍പ്പെടെ നശിപ്പിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group