‘കെഎസ് യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീട്ടിലെ ബോംബേറിന് പിന്നില്‍ സിപിഎം’; ബോംബേറ് ‘രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ’ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍
കോഴിക്കോട് വടകരയില്‍ കെഎസ്യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീട്ടിലെ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ഷാഫി പറമ്പില്‍ എംപി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച ബിതുലിന്റെ വീടിനുനേരെ ഉണ്ടായ ബോംബേറ് ‘രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബിതുല്‍ ബാലന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിതുലിന്റെ വീട് അന്വേഷിച്ച് നടത്തിയതായി സൂചിപ്പിക്കുന്ന വാട്‌സാപ് ചാറ്റും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ഒരു കരിങ്കൊടി കാണിച്ചതിനാണ് ബിതുല്‍ ബാലന്‍ എന്ന കെഎസ്യുക്കാരന് നിങ്ങള്‍ ആദരാഞ്ജലി നേരുന്നതെങ്കില്‍, അതിന്റെ പേരിലാണ് ആ ചെറുപ്പക്കാരന്റെ പ്രായമായ അച്ഛനും അമ്മയും കടന്നുറങ്ങുന്ന വീട്ടിലേക്ക് ബോംബറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരു മനുഷ്യന്റെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞിട്ട് കേരളത്തിലെ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ ആരെങ്കിലും ബോംബറിഞ്ഞോ എന്നതും ഓര്‍ക്കണമെന്ന് ഷാഫി പറഞ്ഞു. സിപിഎം ക്രിമിനലുകള്‍ ബോംബറിഞ്ഞാല്‍ പോലും വിരല്‍ അനക്കാത്ത പൊലീസ് സംവിധാനം ഈ നാടിന്റെ സമാധാനത്തെ സ്വസ്ഥത കെടുത്തുമ്പോള്‍ ഈ കെടുതി തുടരാന്‍ അനുവദിച്ചുകൂടാ എന്നാണ് കേരളത്തിലെ ജനതയോട് അഭ്യര്‍ഥിക്കാനുള്ളതെന്നും ഷാഫി പറഞ്ഞു.
ഒരു മന്ത്രി തന്നെ നേരിട്ട് കള്ളപ്രചാരണത്തിനു നേതൃത്വം നല്‍കുക, മുഖ്യമന്ത്രി ആ തിരക്കഥയില്‍ വേഷം അഭിനയിക്കുക, പാര്‍ട്ടി സെക്രട്ടറി ആ തിരക്കഥയിലെ കലാപ ആഹ്വാനത്തിനു നേതൃത്വം നല്‍കുക, മൂക്ക് താഴത്തേക്ക് ആയ കേരളത്തിലെ ഏതെങ്കിലും ഒരു മനുഷ്യന്‍ കേരളത്തില്‍ അവിടെ ഒരു അക്രമം നടന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നും ഷാഫി ചോദിച്ചു. സിപിഎമ്മിന്റെ അക്രമങ്ങളുടെ പോഷക സംഘടനയായിട്ടാണോ പൊലീസ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിഐടിയു എന്നൊക്കെ പറയുന്ന പോലെയാണോ ഈ മേഖലയിലെ പൊലീസിന്റെ ഉത്തരവാദിത്തം എന്നും ഷാഫി ചോദിച്ചു.
ആരോഗ്യമന്ത്രിയുടെ കഴുത്തുപിടിച്ചു തിരിച്ചു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത്. കേരളത്തിലെ കാഴ്ചയുള്ള ഒരാളെങ്കിലും ആരോഗ്യ മന്ത്രിയെ കഴുത്തു പിടിച്ചു തിരിക്കുന്നത് കണ്ടോ?, കൈകള്‍ പിടിച്ചു തിരിക്കുന്നത് കണ്ടോ? ഇനി ഞങ്ങള്‍ വേണ്ട, നിങ്ങള്‍ കണ്ടോ പട്ടാപ്പകല്‍ അത്രയും ആളുകളുടെ മുന്നില്‍ ഉണ്ടായ സംഭവം സമരക്കാരുടെ തലയില്‍ വയ്ക്കാന്‍ ഒരു കള്ള ദൃശ്യവുമായി വന്നു. കറുത്ത തുണിയും കൊണ്ട് സമരക്കാരന്‍ മന്ത്രിയുടെ അടുത്തെത്തി എന്നായിരുന്നു പ്രചാരണം. അത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് തെളിഞ്ഞു. ഇനി ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്തിനു പിടിച്ചിട്ടുണ്ടെങ്കില്‍ കെഎസ്യുക്കാരന്റെ വീടിനു നേരെ ബോംബെറിയല്‍ അല്ല വേണ്ടതെന്ന് സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറി അണികളോടു പറയണം.
കലാപ ആഹ്വാനത്തിന് ഗോവിന്ദന്‍ മാഷിനെതിരെ കേസ് എടുക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇല്ലാത്ത ഒരു അക്രമത്തിന്റെ പേരില്‍ നടക്കുന്ന മുഴുവന്‍ കലാപങ്ങള്‍ക്കും ഗോവിന്ദന്‍ മാഷ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കന്മാരാണ് ഉത്തരവാദികളെന്നും ഷാഫി കുറ്റപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം വരാത്തതിന്റെ നിരാശയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി ഉണ്ടാകുന്ന പരാജയം ഭരണം നഷ്ടപ്പെടും എന്നുള്ള ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം അക്രമങ്ങള്‍. പ്രവര്‍ത്തകരെ തെരുവിലിറക്കി അക്രമം നടത്തുന്ന നേതൃത്വത്തെ തിരുത്താന്‍ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ തയാറാകേണ്ട കാലമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഈ കള്ളത്തരം പറയുന്ന നേതാക്കന്മാരുടെ ഗുണ്ടകള്‍ ആകാനില്ല എന്ന് ആര്‍ജവത്തോട പറയേണ്ട കാലമാണിതെന്നും ഷാഫി ചൂണ്ടിക്കാട്ടി.
Post a Comment