പടിയൂർ പഞ്ചായത്തിലെ കല്യാട് സ്ഥാപിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഉൽഘാടനം ഇന്ന്
താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ച് ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. നാൽപ്പത്തിലധികം ദേശീയ അന്തർദേശീയ ഇന്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കാൻസർ, ഏജിംഗ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകും. മലബാർ കാൻസർ സെന്ററും ഗവേഷണവുമായി സഹകരിക്കും.
ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷണൽ ആയുർവേദ, മെഡിസിനൽ പ്ലാന്റ്‌സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്‌സ്, ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഐ സി ടി സർവീസസ് എന്നീ വകുപ്പുകൾ ഐആർഐഎയിൽ പ്രവർത്തിക്കും.
മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ, നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എംപി എന്നിവർ മുഖ്യാതിഥികളാവും. എംഎൽഎമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. സണ്ണി ജോസഫ്, എം. വിജിൻ, കെ.വി. സുമേഷ്, കെ.പി. മോഹനൻ, അഡ്വ. സജീവ് ജോസഫ്, ടി.ഐ. മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവരും പങ്കെടുക്കും.
314 ഏക്കറാണ് റിസർച്ച് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 286 ഏക്കറാണ് കൈമാറിയിരിക്കുന്നത്. അവശേഷിക്കുന്ന ഭൂമി നിയമനടപടികളിൽപ്പെട്ട് കിടക്കുകയാണ്. ഈ ഭൂമിയും ഗവേഷണ കേന്ദ്രത്തിന് ലഭ്യമാക്കാനുളള നടപടികൾ നിയമതലത്തിൽ തുടരുകയുമാണ്. രണ്ടാം ഘട്ടത്തിൽ അക്കാദമിക്ക് ബ്ലോക്ക്, മ്യൂസിയം, റിസർച്ച് സെന്റർ, താമസ സൗകര്യം എന്നിവ കൂടി വികസിപ്പിക്കും. കിറ്റ്‌കോയാണ് പദ്ധതിയുടെ കൺസൾട്ടൻസി. ആദ്യ ഘട്ട പ്രവർത്തനം ഏറണാകുളത്തെ ശിൽപ്പ പ്രൊജക്ടാണ് പൂർത്തിയാക്കിയത്. പ്രദേശത്ത് റവന്യു വകുപ്പിന്റെ അധീനതയിലുള്ള നൂറ് ഏക്കറിലധികം സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നും 200-ൽ അധികം ഏക്കർ സ്ഥലവും ഏറ്റെടുത്താണ് ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയിരിക്കുന്നത്.
إرسال تعليق