രക്ഷപ്പെട്ടാൽ മതിയെന്ന നിലയിൽ നമ്മുടെ മക്കൾ വിദേശത്തേക്ക് പോകുന്നു, നിക്ഷേപകർക്ക് നേതാക്കളോടല്ല, സിസ്റ്റത്തോടാണ് വിശ്വാസം വേണ്ടതെന്നും ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയെയും യുവതലമുറയുടെ വിദേശ പലായനത്തെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. നമ്മുടെ മക്കൾക്ക് നാട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ നാം പരാജയപ്പെടുകയാണെന്നും, വിദേശ സർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങൾ വിദ്യാഭ്യാസ-നിക്ഷേപ മേഖലകളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പല കോളേജുകളിലും ഇന്ന് പഠിക്കാൻ കുട്ടികളില്ലാത്ത അവസ്ഥയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നൽകാൻ നമുക്ക് കഴിയുന്നില്ല. വിദേശത്ത് പോകാൻ വേണ്ടി മാത്രമാണ് നമ്മുടെ കുട്ടികൾ ജർമ്മനും ഫ്രഞ്ചും പഠിക്കുന്നത്. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന നിലയിലാണ് അവർ നാടുവിടുന്നത്. ഇതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വിദേശ സർവ്വകലാശാലകൾ എന്തുകൊണ്ട് കേരളത്തിൽ വന്നുകൂടാ? ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ഉറപ്പാക്കണം. സിഐടിയുവിനെ പേടിച്ച് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയെപ്പോലുള്ള സ്ഥാപനങ്ങൾ വരേണ്ടെന്ന് പറയുന്ന സാഹചര്യം മാറണം.
വെറും ഇൻസെന്റീവ് നൽകിയത് കൊണ്ട് മാത്രം കേരളത്തിൽ നിക്ഷേപം വരണമെന്നില്ല. നിക്ഷേപകർക്ക് സിസ്റ്റത്തിൽ വിശ്വാസം ഉണ്ടാകണം. നിക്ഷേപവുമായി ബന്ധപ്പെട്ട് സ്ഥിരമായ നയം ഉണ്ടാകണം. നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഏതെങ്കിലും നേതാക്കളുമായി അടുപ്പമുള്ളവർക്ക് മാത്രം കാര്യങ്ങൾ നടക്കുന്നു എന്ന അവസ്ഥ മാറണം. എല്ലാ നിക്ഷേപകർക്കും തുല്യനീതി ഉറപ്പാക്കണം. പണമില്ലാത്തതുകൊണ്ടല്ല വികസനം നടക്കാത്തത്, പണം ബാങ്കുകളിൽ കുന്നുകൂടി കിടക്കുകയാണ്. അത് വിനിയോഗിക്കാനുള്ള സാഹചര്യം ഇവിടെയില്ല. ഏഷ്യാനെറ്റിന്റെ വളർച്ചയെ കേരളത്തിന്റെ വികസനവുമായി ചേർത്തുവയ്ക്കണം എന്ന് പറഞ്ഞ അദ്ദേഹം, പഴമകൾ മാത്രം പറഞ്ഞിരിക്കാതെ വർത്തമാനകാലത്തെ പ്രസക്തി വർദ്ധിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്നും ഓർമ്മിപ്പിച്ചു.
Post a Comment