Join News @ Iritty Whats App Group

വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്ചു; 'സംസ്ഥാനത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം'


വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്ചു; 'സംസ്ഥാനത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം'


തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള ഭാവി പരിപാടികൾ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ (കെയ്‌സ്) സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനുള്ള 25 നടപടികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതവും സുതാര്യവുമായ വിദേശ കുടിയേറ്റം ഉറപ്പാക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു,
ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും
സ്‌കിൽ സെക്രട്ടറിയേറ്റ്: കെയ്‌സിനെ ഒരു ഏകജാലക സംവിധാനമായി മാറ്റുന്നതിനായി ഗവേണൻസ് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഫ്രെയിംവർക്ക്' രൂപീകരിച്ചു.
വികേന്ദ്രീകൃത മാതൃക: രാജ്യത്താദ്യമായി ജനകീയ ആസൂത്രണ മാതൃകയിൽ വികേന്ദ്രീകൃത നൈപുണ്യ വികസന മാതൃക തയ്യാറാക്കി.
സ്മാർട്ട് സ്‌കിൽ ബജറ്റിംഗ്: നൈപുണ്യ പരിശീലനത്തിന് പ്ലാൻ ഫണ്ട് ഉപയോഗിക്കുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായം നൽകാൻ കെയ്‌സിനെ പ്രാപ്തമാക്കി.
തദ്ദേശ സ്വയംഭരണ പങ്കാളിത്തം: പതിനഞ്ചാം പഞ്ചവത്സര പദ്ധതി നിർവ്വഹണ മാർഗ്ഗരേഖ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ വിഭവങ്ങൾ നൈപുണ്യ വികസനത്തിനായി ഉപയോഗിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കി.
സ്‌കിൽ ഗ്യാപ് സ്റ്റഡി: ഓരോ ജില്ലയിലെയും തൊഴിൽ സങ്കീർണ്ണതകൾ പഠിക്കാൻ നടത്തിയ സ്‌കിൽ ഗ്യാപ് റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
ജില്ലാതല നയം: ഓരോ ജില്ലയ്ക്കും പ്രത്യേക ആസൂത്രണ നയം രൂപീകരിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും
സമഗ്ര ഡാറ്റാബേസ്: സംസ്ഥാനത്തെ എല്ലാ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും കോഴ്‌സുകളെയും ഉൾപ്പെടുത്തി ഒരു സമഗ്ര വിവരശേഖരം തയ്യാറാക്കി.

ഗുണനിലവാരവും അക്രഡിറ്റേഷനും
അക്രഡിറ്റേഷൻ പോളിസി: മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പോളിസി രൂപീകരിച്ചു. ആദ്യഘട്ടത്തിൽ ഇരുന്നൂറ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും.
സ്റ്റേറ്റ് ക്വാളിറ്റി സെൽ: ഗുണനിലവാരം ഉറപ്പാക്കാൻ എസ്.സി.വി.റ്റി യെ എസ്.സി.വി.ഇ.റ്റി ആയി പുനഃസംഘടിപ്പിച്ചു.
ഗുണമേന്മ മുദ്ര: മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ
സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ: തിരുവനന്തപുരത്ത് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററോടു കൂടി ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാർ തയ്യാറായി.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി (ഐ.എം. ആന്റ് ആർ.റ്റി) : എൻ.എസ്.ഡി.സി., കൊച്ചി മെട്രോ എന്നിവയുമായി സഹകരിച്ച് കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ഐ.എഫ്.എൽ) : കൊച്ചിയിൽ തുടങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.
ഡ്രോൺ ടെക്‌നോളജി പാർക്ക്: കൊട്ടാരക്കരയിൽ എൻ.ഐ.ഇ.എൽ.ഐ.റ്റി. യുമായി സഹകരിച്ച് ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാൻസിറ്റ് ക്യാമ്പസ് ഏഴുകോണിൽ ഉദ്ഘാടനം ചെയ്യും.

തൊഴിൽ വിപണിയും വിവരശേഖരണവും
മനുഷ്യ വിഭവശേഷി സർവ്വേ: എല്ലാ നിയസഭാ മണ്ഡലങ്ങളിലും സമഗ്ര സർവ്വേ നടത്തും. മാതൃകാ പഠനം ഫെബ്രുവരി 16-ന് നേമം മണ്ഡലത്തിൽ ആരംഭിക്കും.
എൻ.സി.വി.ഇ.റ്റി. അംഗീകാരം: 2026 മാർച്ചോടെ കെയ്‌സിന് എൻ.സി.വി.ഇ.റ്റി. ഡ്യുവൽ റെക്കഗ്‌നിഷൻ ബോഡി എന്ന അംഗീകാരം ലഭിക്കും.
റിക്രൂട്ട്‌മെന്റ് ലൈസൻസ്: വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തും. ഇതിനുള്ള ലൈസൻസ് ഈ മാസം ലഭിക്കും.
ആഗോള പങ്കാളിത്തം (ജർമ്മനി ആന്റ് ഓസ്ട്രിയ) ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട് കരാർ: ജർമ്മൻ ഭാഷാ പഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഔദ്യോഗിക കരാർ ഒപ്പിട്ടു.
എർഫോർട്ട് ചേംബർ ഓഫ് ക്രാഫ്റ്റ്‌സ് : തിരുവനന്തപുരത്ത് ജർമ്മൻ ഡ്യൂവൽ എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ഉടമ്പടി മാർച്ചിൽ ഒപ്പിടും.
നൈപുണ്യോത്സവം 2026: ജനുവരി 31-ന് നടന്ന മത്സരങ്ങളിൽ നിന്ന് മുന്നൂറ്റിയൊന്ന് പേർ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത നൈപുണ്യോത്സവം ഒക്ടോബറിൽ നടക്കും.
യു.എൻ. യൂണിവേഴ്‌സിറ്റി പഠനം: ലോക ബാങ്ക് ഗ്രാന്റോടെ സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് രണ്ടു വർഷത്തെ പഠനം നടത്തും.
സിസ്റ്റർ സ്റ്റേറ്റ് ബന്ധം: ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹോദര സംസ്ഥാന പങ്കാളിത്ത കരാർ മാർച്ചിൽ ഒപ്പിടും.
നെക്സ്റ്റ്‌ജെൻ പ്രോഗ്രാം: ജർമ്മനിയിലെ നെക്സ്റ്റ്‌ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കൊണ്ടുവരും.
ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയർ (ഐ.ജി.റ്റി.എഫ്): 2026 മാർച്ചിൽ നടത്തുന്ന മേളയിലൂടെ അഞ്ഞൂറ് പേർക്ക് ജർമ്മനിയിൽ പ്രതിമാസം ഒരു ലക്ഷത്തി എട്ടായിരം രൂപ സ്‌റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും.
ഓസ്ട്രിയൻ സഹകരണം: മാർച്ച് 26-ന് എത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group