Join News @ Iritty Whats App Group

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ? കേന്ദ്രമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ? കേന്ദ്രമന്ത്രിയുടെ പ്രതികരണം ഇങ്ങനെ


ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവ് ഉണ്ടായേക്കില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇന്ധനവില കുറയ്ക്കുമോ എന്ന ചോദ്യത്തോട് വരും ആഴ്ചകളിലും ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ അത് ന്യായമായ ചോദ്യമായിരിക്കുമെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു.

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നപ്പോൾ, ജൂൺ 30 വരെയുള്ള കാലയളവിൽ പെട്രോളും ഡീസലും എൽപിജിയും അടക്കമുള്ളവ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റതുവഴി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായി. ആഗോള വിപണിയിൽ ഇപ്പോൾ എണ്ണവില കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധി അതിന്റെ പരകോടിയിൽ നിന്നിരുന്ന സമയത്ത് വാങ്ങിയ എണ്ണയാണ് കമ്പനികൾ ഇപ്പോഴും സംസ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

രണ്ട് മാസം മുമ്പ് അന്നത്തെ വിലയ്ക്ക് വാങ്ങിയ അസംസ്‌കൃത എണ്ണശേഖരമാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. എണ്ണവിലയിലെ കുറവ് അടുത്ത രണ്ടുമൂന്ന് മാസത്തേക്ക് കൂടി തുടരുകയാണെങ്കിൽ നമുക്ക് നോക്കാം. എന്നാൽ നിലവിൽ ഇതൊരു സാങ്കൽപ്പിക സാഹചര്യം മാത്രമാണ്. ആഗോള പ്രതിസന്ധിയുടെ ഘട്ടത്തിൽ വികസിത രാജ്യങ്ങളിൽ പെട്രോൾ വിലയിൽ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ 35 ശതമാനത്തോളവും വർധനവുണ്ടായപ്പോൾ, ഇന്ത്യയിൽ പെട്രോൾ വിലവർധനവ് വെറും 5.58 ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാല് മാസത്തിനിടയിൽ രാജ്യത്തെ 1,07,000 പെട്രോൾ പമ്പുകളിൽ ഒന്നുപോലും അടച്ചിടുകയോ ഇന്ധനം തീർന്നുപോവുകയോ ചെയ്യാതെ മികച്ച രീതിയിൽ മുന്നോട്ടുപോകാൻ നമുക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോൾ, ഡീസൽ വില കുറച്ചതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ലിറ്ററിന് അഞ്ചു രൂപ വർധിപ്പിച്ചിരുന്നതിനാലാണ് നയാര ഇപ്പോൾ പെട്രോൾ വില കുറച്ചിരിക്കുന്നത്. അവർ അന്ന് കൂട്ടിയ വില ഇപ്പോൾ പിൻവലിക്കുക മാത്രമാണ് ചെയ്തത്. പൊതുമേഖലാ എണ്ണക്കമ്പനികൾ ആ സമയത്ത് വില വർധിപ്പിച്ചിരുന്നില്ല എന്ന കാര്യം ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group