സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 14,560 രൂപയും പവന് 1,16,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ജനുവരി 29-നാണ് കേരളത്തിൽ സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയ ശേഷം സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നതാണ് നിലവിലെ വിലവർധനവിന് പ്രധാന കാരണം. ആഗോളതലത്തിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കാറുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് യുദ്ധസാഹചര്യമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ, ഓഹരി വിപണികൾ തകരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലായതിനാൽ, ഡോളറിൻ്റെ മൂല്യ വ്യതിയാനവും വിലയെ സ്വാധീനിക്കും. ഇന്ത്യയിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ ശേഖരം വർധിപ്പിക്കുന്നതും വില കൂടാനുള്ള കാരണമാണ്.
إرسال تعليق