അപകട കെണിയായി ഉരുവച്ചാല്‍ മണക്കായി റോഡ്
മട്ടന്നൂർ: ഉരുവച്ചാല്‍- മണക്കായി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. എന്നിട്ടും അത്യാവശ്യമായി പൂർത്തിയാക്കേണ്ട സ്ലാബ് നിർമ്മാണ പ്രവൃത്തി പോലും ഇഴഞ്ഞുനീങ്ങുകയാണ്.
ഇതിനിടെ റോഡിലെ വളവും റോഡരികില്‍ വിവിധ സ്ഥലങ്ങളില്‍ ഇരുഭാഗങ്ങളിലും സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയർത്തുകയാണ്. റോഡിനോട് ചേർന്ന് പണിത കോണ്‍ക്രീറ്റ് ഭിത്തിയാണ് അപകട ഭീഷണി ഉയർത്തുന്നത്.
റോഡിലെ വളവും കയറ്റവും ഇറക്കവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അശാസ്ത്രീയമായി നടത്തിയ റോഡ് നവീകരണ പ്രവൃത്തിക്ക് ശേഷം രണ്ട് പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി വാഹനാപകടങ്ങളും നടന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മൂന്നാം പീടികയിലെ വ്യാപാരിയായ മൊയ്തൂട്ടിയുടെ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട സ്‌കൂട്ടിയില്‍ പിറകെ എത്തിയ കാർ ഇടിച്ച് വൃദ്ധൻ അബൂബക്കർ മരണപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് നിരവധി പേർ ചികില്‍സയിലുമാണ്. നടന്ന് പോകവെ സ്ലാബ് ഇല്ലാത്ത ഓടയില്‍ വീണ് ഏതാനും പേർ ചികില്‍സയിലുണ്ട്.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പി ആണ്. റോഡിന് ഇരുവശവും ഉള്ള ഡ്രൈനേജുകള്‍ സ്ലാബ് നിരത്തി കാല്‍നടയാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റും വിധം സുന്ദരമാക്കും എന്ന വാക്ക് പാഴായി എന്ന് മാത്രമല്ല, അശാസ്ത്രീയ നിർമ്മിതി കാരണം പല സ്ഥലങ്ങളിലും കാല്‍നട യാത്രപോലും ദുഃസഹമായിരിക്കുകയാണ്. നിർമ്മാണത്തിലെ അപാകത ഇതിനകം തന്നെ പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുവാൻ വേണ്ടി ഇരുവശവും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചതോടെ നിലവിലെ സൗകര്യം പോലുമില്ലാതായിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ റോഡരികില്‍ കോണ്‍ക്രീറ്റ് ചെയ്തു വച്ചത് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയർത്തുകയാണ്. എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ സ്ട്രീറ്റ് ലൈറ്റ് കോണ്‍ക്രീറ്റ് ല്‍ ഇടിച്ചു യാത്രക്കാർക്ക് പരിക്കേല്‍ക്കുകയും കാർ തകരുകയും ചെയ്തിരുന്നു. മഴക്കാലത്ത് വെള്ളം ഒഴുകി പോകാനുള്ള രീതിയിലല്ല പല സ്ഥലങ്ങളിലും ഡ്രൈനേജ്. ഉരുവച്ചാല്‍ മണക്കായി റോഡിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ സ്വയംസഹായ സംഘം ഭാരവാഹികള്‍ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്തിന് നിവേദനം നല്‍കിയിരുന്നു.
വാഹനത്തിരക്ക് കൂടുന്നു
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ വഴി കൂടിയായതോടെ ഈ റോഡില്‍ വാഹനത്തിരക്കും വർധിച്ചു വരികയാണ്.
ഇരുഭാഗങ്ങളില്‍ നിന്ന് ഒരുമിച്ച് വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ നടന്നു പോവുന്ന വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ യുള്ള വഴിയാത്രക്കാർ ഒന്ന് മാറി നില്‍ക്കണമെങ്കില്‍ അടപ്പില്ലാത്ത ഡ്രൈനേജിന് മുകളില്‍ കയറി നില്‍ക്കണം. കുഴിക്കല്‍ എല്‍.പി സ്‌കൂളിന് മുന്നിലെ സ്ലാബിന് നടപ്പാത ഇല്ല.
Post a Comment