Join News @ Iritty Whats App Group

"അപ്പനെ ആദ്യമായാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടിലും പുതിയ വസ്ത്രത്തിലും ഞാൻ കാണുന്നത്": വേടൻ

"അപ്പനെ ആദ്യമായാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടിലും പുതിയ വസ്ത്രത്തിലും ഞാൻ കാണുന്നത്": വേടൻ


മികച്ച ഗാനരചയിതാവിനുള്ള 2024 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ട് വേടൻ (ഹിരൺദാസ് മുരളി) പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. തനിക്ക് ഈ പുരസ്കാരം ലഭിക്കാൻ ഒരേയൊരു കാരണക്കാരൻ തന്റെ അച്ഛൻ ആണെന്നും അദ്ദേഹത്തെ ആദ്യമായാണ് ഒരുങ്ങി വെള്ളമുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച്കാണുന്നതെന്നുമായിരുന്നു വേടൻ പറഞ്ഞത്. അച്ഛനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു വേടന്റെ വാക്കുകൾ.

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ 'വിയർപ്പുതുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിനാണ് വേടന് പുരസ്കാരം ലഭിച്ചത്. "ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായാകും ഒരു ഇന്റിപെന്റന്റ് കലാകാരന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്." വേടൻ പറഞ്ഞു

അതേസമയം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ കരിയറിലെ ഏഴാമത്തെ പുരസ്കാരമാണിത്. മികച്ച നടിക്കുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഷംല ഹംസയാണ് സ്വന്തമാക്കിയത്. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group