'ലോക കേരള സഭ ലോകത്തിന് മാതൃക, പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു, അഞ്ചാം സമ്മേളനത്തോടെ സംശയങ്ങൾക്ക് ഉത്തരമായി': മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരള സഭ ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു എന്നും അഞ്ചാം സമ്മേളനത്തോടെ സംശയങ്ങൾക്ക് ഉത്തരമായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് നാടിനെ കുറിച്ച് അഭിപ്രായം പറയാൻ വേദി ഉണ്ടായിരുന്നില്ല. വിദ്ഗദ്ധരായ പ്രവാസികൾക്ക് കേരളവുമായി സഹകരിക്കാൻ അവസരം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലെ ഒന്ന് ലോകത്തെവിടെ എങ്കിലും ഉണ്ടെന്ന് നമ്മൾ കേട്ടിട്ടില്ല. ഇത് അപൂർവമായ ഒന്നാണ്. വിദേശകാര്യ മന്ത്രാലയം ലോക കേരളസഭയെ മാതൃകയായി ചൂണ്ടിക്കാണിച്ചു. ലോക കേരള സഭാംഗം ഒരു പ്രധാനപ്പെട്ട സ്ഥാനമായി പ്രവാസികൾ കരുതുന്നു. പരാതികളും ആവലാതികളും മാത്രമല്ല, നാടിന്റെ വികസനവും ഇവിടെ ചർച്ചയാണ്. ലോകകേരള സഭയുടെ സ്വീകാര്യത വർധിച്ചു. പ്രവാസികൾക്ക് അർഹതപ്പെട്ട അംഗീകാരമാണ് സർക്കാർ നൽകുന്നത്. പത്ത് വർഷം മുമ്പ് പ്രവാസികൾക്ക് ഏതെല്ലാം തരത്തിൽ പരാതികൾ ഉണ്ടായിരുന്നു
അന്നത്തെ കേരളം വലിയ പ്രയാസത്തിൽ ആയിരുന്നല്ലോ. ഇപ്പോൾ എന്താണ് അനുഭവം? പത്ത് വർഷം കൊണ്ടുണ്ടായ മാറ്റം മനസ്സ് കുളിർക്കെ നിങ്ങൾ കാണുകയല്ലേ? യാത്ര സൗകര്യത്തിൽ വലിയ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടായി. തിരുവനന്തപുരം - കാസർകോട് യാത്ര സമയം കുറയണം. ചുരുങ്ങിയ സമയം കൊണ്ട് ദീർഘ ദൂര യാത്ര സാധ്യമാകണം. തിരുവനന്തപുരത്ത് നിന്ന് 4 മണിക്കൂർ കൊണ്ട് കാസർകോട് എത്താനാകണം. ഇതൊന്നും സ്വപ്നമല്ല, യാഥാർത്ഥ്യമാക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ഇതിനൊന്നും ഒരു തടസ്സവും ഉണ്ടാവില്ലെന്നാണ് സർക്കാർ കരുതിയത്. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ തടസ്സം ഉണ്ടായി. റെയിൽവേ അനുമതി കിട്ടിയില്ല. എന്നാൽ സർക്കാർ ശ്രമിച്ച് കൊണ്ടേ ഇരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment