Join News @ Iritty Whats App Group

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയ പ്രമുഖർ; ബികെ ബൻസൽ മുതൽ സിജെ റോയ് വരെ

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയ പ്രമുഖർ; ബികെ ബൻസൽ മുതൽ സിജെ റോയ് വരെ


തിരുവനന്തപുരം: ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് ആ മരണവാർത്ത പുറത്തുവന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ്, ബെംഗളൂരുവിൽ കമ്പനി ആസ്ഥാനത്തെ കോർപറേറ്റ് ഓഫീസിനകത്ത് വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി! അതും ഓഫീസിൽ ആദായ നികുതി റെയ്‌ഡ് നടക്കുന്നതിനിടെ. ഇതോടെ സമാന സാഹചര്യത്തിൽ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനിടെ ജീവനൊടുക്കിയ മറ്റ് ചില പേരുകൾ കൂടി ചർച്ചയാകുന്നുണ്ട്. ആരാണവർ?

മനോജ് പാർമർ (വ്യവസായി, മധ്യപ്രദേശ്) - 2024 ഡിസംബർ

മധ്യപ്രദേശിലെ പ്രമുഖ വ്യവസായിയായ മനോജ് പാർമറിനെയും ഭാര്യ നേഹയെയും സേഹോർ ജില്ലയിലെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ മരണത്തിന് കാരണം ഇഡിയുടെയും ബിജെപി നേതാക്കളുടെയും ഭാഗത്ത് നിന്നുള്ള സമ്മർദമാണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. തൻ്റെ മക്കളെ സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതാക്കളോടും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നതായും വാർത്തകളുണ്ടായിരുന്നു.

വിജി സിദ്ധാർത്ഥ (കഫേ കോഫി ഡേ) - 2019 ജൂലൈ

ഇന്ത്യൻ ബിസിനസ് ലോകത്ത്, ഇന്ത്യയുടെ കോഫി കിങ് എന്ന വിശേഷണം നേടി സ്വന്തം ഇരിപ്പിടം ഉറപ്പിച്ച ബിസിനസുകാരനായിരുന്നു വിജി സിദ്ധാർത്ഥ. എന്നാൽ മംഗളൂരുവിൽ നിന്ന് നേത്രാവതി പുഴയിൽ ചാടി അദ്ദേഹം പെട്ടെന്നൊരു ദിവസം ജീവനൊടുക്കി. ആദായനികുതി വകുപ്പിന്റെ മുൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദവും തന്റെ ഓഹരികൾ കണ്ടുകെട്ടിയതും തന്നെ തളർത്തിയെന്ന് അദ്ദേഹം തൻ്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഇദ്ദേഹത്തിൻ്റെ മരണശേഷം കഫേ കോഫി ഡേ വീണ്ടും ബിസിനസ് രംഗത്ത് വലിയ കുതിപ്പോടെ ഉയർന്നുവന്നുവെന്നത് ചരിത്രം.

ബികെ ബൻസൽ (മുൻ ഡി.ജി, കോർപ്പറേറ്റ് അഫയേഴ്‌സ്) - 2016 സെപ്റ്റംബർ

ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ ഇവരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സിബിഐ ബൻസലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിൻ്റെ ഭാര്യയും മകളും ജീവനൊടുക്കിയത്. രണ്ട് മാസത്തിന് ശേഷം ബൻസലും മകനും ഇതേ വഴിയിൽ ജീവിതം അവസാനിപ്പിച്ചു. താമസിച്ചിരുന്ന ഫ്ലാറ്റിലാണ് നാല് പേരും ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യാക്കുറിപ്പിൽ സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ബൻസലിനെതിരെ സിബിഐ രംഗത്ത് വന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group