Join News @ Iritty Whats App Group

‘നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ, തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു’; രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം

‘നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ, തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു’; രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം


സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കിയെന്നും നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കൾ ആണെന്നും വിമർശിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു.

പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് “നേതൃത്വത്തെ അണികൾ തിരുത്തണ”മെന്ന പുസ്തകത്തിൽ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാർട്ടി നേതൃത്വത്തെയും വിമർശിക്കുന്നത്.

ടി ഐ മധുസൂദനന്‍ പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കിയെന്നും കുറ്റപ്പെടുത്തല്‍ ഉണ്ട്. എന്നാല്‍, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികള്‍ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമര്‍ശം. ‘പാര്‍ട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.

പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് 2005 യില്‍ മധുസൂദനന്‍ ഏരിയ സെക്രട്ടറി ആയത് മുതലെന്ന് പുസ്തകത്തില്‍ പറയുന്നു. സംസ്ഥാനത്ത് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന വിഭാഗീയത അധികാരവുമായി ബന്ധപ്പെട്ടതാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. അതേ നിലയില്‍ പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ടി ഐ മധുസൂദനന്‍ നടത്തുകയുണ്ടായി. അതിനു വേണ്ടി ക്യാംപെയ്ന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ്, അതല്ലാതെ പാര്‍ട്ടിയല്ല എന്ന ബോധം വളര്‍ത്താന്‍ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നു. ഇത്തരം രീതികളെ പാര്‍ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല – പുസ്തകത്തില്‍ പറയുന്നു.

ടിഐ മധുസൂദനന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവ് എന്നാണ് പുസ്തകത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. പയ്യന്നൂരിലെ പാര്‍ട്ടിയെ തന്റെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഇത് ഒരു ഭാഗത്ത് ആശ്രിതരേയും മറുഭാഗത്ത് അസംതൃപ്ത വിഭാഗത്തേയും സൃഷ്ടിക്കാന്‍ ഇടയാക്കി. ഇന്നത്തെ വിഭാഗീയതയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചിരുന്നത്. പക്ഷേ, നേതൃത്വം എല്ലാകാലത്തും അയാളെ സംരക്ഷിക്കുകയായിരുന്നു. തനിക്ക് മേലെ വളരാന്‍ ആരെയും അനുവദിക്കില്ലെന്ന് കാണാന്‍ സാധിക്കും – പുസ്തകത്തില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group