നിങ്ങൾക്കായി ഈ പരിപാടി സ്പോൺസർ ചെയ്യുന്നത്; കോൺഫിഡന്റ് ഗ്രൂപ്പും സി.ജെ.റോയിയും മലയാളികൾക്ക് മറക്കാനാവാത്ത പേര്
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പെന്ന ബ്രാൻഡിനെ മലയാളികൾക്ക് സുപരിചതനാക്കിയ സി.ജെ.റോയിയുടെ വിയോഗം വ്യവസായ ലോകത്ത് വലിയ ഞെട്ടലമുണ്ടാക്കി. സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വൈകാതെ രാജിവച്ചു. തുടർന്നാണ് അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങിയത്.
2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. പിന്നീട് തന്റെ തട്ടകം അദ്ദേഹം ഗൾഫിലേക്കും വ്യാപിപ്പിച്ചു. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, സിനിമ, വിദ്യാഭ്യാസം, കായികം തുടങ്ങിയ രംഗങ്ങളിലും അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സിനിമാ നിർമാണത്തിൽ സജീവമായിരുന്ന റോയി ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. റോയി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ താൻ വച്ച് കാൽ പിന്നോട്ട് മാറ്റാൻ അദ്ദേഹം തയാറായില്ല. തന്റെ തനതായ ശൈലിയിൽ മുന്നോട്ടു നീങ്ങിയതോടെ ഗ്രൂപ്പിനെ വിജയപഥത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സിനിമ നിർമാണം കൂടാതെ ടെലിവിഷൻ രംഗത്തും സി.ജെ. റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു. കൂടാതെ സ്റ്റാർ സുവർണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും ഇവരാണ് സ്പോൺസർ ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് സീസൺ 7 റണ്ണർഅപ്പിന് ഷോ കഴിഞ്ഞതിന് ശേഷം പത്ത് ലക്ഷം രൂപ റോയി സമ്മാനമായി നൽകിയതും ചർച്ചയായിരുന്നു.
തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിസിനസിലെ പരാജയങ്ങളെ ആഘോഷമാക്കാനും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
Post a Comment