Join News @ Iritty Whats App Group

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ

'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക'; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ


തിരുവനന്തപുരം: നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിക്കുന്നത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയിൽ വിഷം കലർത്താൻ വർഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുകയാണ്. ഇതിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. മത രാഷ്ട്ര വാദികൾ അവസരം കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം ആവശ്യമാണ്. കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞു അർഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണ്. നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയുണ്ടായി. കേന്ദ്ര അവഗണന എല്ലാവർക്കും ബോധ്യപ്പെട്ടു. പക്ഷേ കേന്ദ്രത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായ ശ്രമം കുറവാണ്.

കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണ്. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണ്. പക്ഷേ അത് തകർക്കാൻ കേന്ദ്രം ശ്രമം നടത്തുകയാണെന്നും അതിലെ പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group