ചിപ്പുകളാണ് ഭാവി; സ്കൂളുകളും കോളേജുകളും അപ്രത്യക്ഷമായേക്കാം: എതിരൻ കതിരവൻ
മനുഷ്യ മസ്തിഷ്കം അത്യന്തം ശക്തവും അനന്തസാധ്യതകൾ ഉള്ളതുമാണെന്നും സാങ്കേതികവിദ്യയേക്കാൾ എന്നും മുൻപന്തിയിൽ നിൽക്കുക മനുഷ്യന്റെ സർഗ്ഗാത്മകതയായിരിക്കുമെന്നും പ്രമുഖചിന്തകനും ശാസ്ത്രജ്ഞനുമായ എതിരൻ കതിരവൻ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 'സമിറ്റ് ഓഫ് ഫ്യൂച്ചർ' പരിപാടിയിൽ 'തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കുമ്പോൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മനസ്സിനെ അത്ര എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിക്കില്ലെന്നും അത് അത്രമാത്രം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചിപ്പുകളാണ് വരാനിരിക്കുന്ന ലോകത്തിന്റെ ഭാവിയെന്ന് അടിവരയിട്ടുപറഞ്ഞ അദ്ദേഹം, മസ്തിഷ്കത്തിൽ സ്ഥാപിക്കുന്ന ചിപ്പുകൾ വഴി പക്ഷാഘാതം ഭേദമാക്കാൻ സാധിക്കുന്ന കാലം വരാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഭാവിയിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ചിപ്പുകൾ ഉറപ്പായും വരുമെന്നും ഇതുവഴി ബുദ്ധിവികാസം വളരെ വേഗത്തിൽ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാവർക്കും ഒരേപോലെ അറിവും ബുദ്ധിയും ലഭ്യമാകുന്ന ഈ 'സ്റ്റാൻഡേർഡൈസേഷൻ' വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്കൂളുകളും കോളേജുകളും അപ്രത്യക്ഷമാകുന്നതിലേക്കും, അധ്യാപകരുടെ ആവശ്യം ഇല്ലാതാകുന്നതിലേക്കും ഇത് നയിച്ചേക്കാം. എല്ലാവരും ഒരേപോലെ ചിന്തിക്കുന്ന ഈ അവസ്ഥ വിദ്യാഭ്യാസത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്തിഷ്കത്തിന്റെ തകരാറുള്ള ഭാഗങ്ങൾക്ക് പകരമായി പ്രവർത്തിക്കാനും ചിന്തകളെ നേരിട്ട് കൈമാറാനും വിവരങ്ങൾ ശേഖരിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇത് അത്ഭുതകരമായ ഒന്നാണെങ്കിലും നമ്മുടെ ചിന്തകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നതും കമ്പ്യൂട്ടറുകൾക്ക് മനുഷ്യനെ നിയന്ത്രിക്കാൻ സാധിക്കുമെന്നതും ഭയപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ഇന്നത്തെ സ്വപ്നങ്ങളാണ് നാളത്തെ യാഥാർത്ഥ്യങ്ങളെന്നും സങ്കല്പങ്ങളിൽ നിന്നാണ് നമ്മുടെ ഇന്നത്തെ ജീവിതം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ നൽകുന്ന സർഗ്ഗാത്മകതയിൽ നിന്നാണ് നിർമ്മിത ബുദ്ധി പ്രവർത്തിക്കുന്നത്; അതിനാൽ വരാനിരിക്കുന്ന ലോകം ഭാവനയുള്ളവരുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2050-ഓടെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുമെന്നും പരമ്പരാഗതമായ 97 ദശലക്ഷം ജോലികൾ ഇല്ലാതാകുമെങ്കിലും സർഗ്ഗാത്മകതയുള്ളവർക്കായി 160 ദശലക്ഷം പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യസ്പർശവും ക്രിയാത്മകതയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളെ വെടിഞ്ഞ് ശാസ്ത്രബോധമുള്ള യുവതലമുറ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പുകളിലേക്കും കടന്നുവരണമെന്നും മാറ്റങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മനുഷ്യനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
إرسال تعليق