മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവം; പാലക്കാട് സ്വദേശി അറസ്റ്റിൽ
മമട്ടന്നൂർ: തെരൂർ പാലയോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി.നാരായണന്റെ വീട്ടിലാണ് കവർച്ച നടത്തിയത്.
ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. തുടർന്ന്, നാരായണൻ മട്ടന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയിരുന്നത്.
വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലെയും കിടപ്പുമുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടായിരുന്നു സ്വർണവും പണവും കവർന്നത്. ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വീടിനുചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്ത് മോഷ്ടാവ് കൊണ്ടുപോയിരുന്നു. മക്കൾ വിദേശത്തും ബംഗളൂരുവിലും താമസമായതിനാൽ നാരായണൻ തനിച്ചാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്. മട്ടന്നൂർ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ലഭിച്ച തെളിവുകളും വീട്ടിലെ സിസിടിവി കാമറ ദൃശ്യങ്ങളും ശാസ്ത്രീയമായ പരിശോധനയിലുമായിരുന്നു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ നവാസ് മറ്റു മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Post a Comment