Join News @ Iritty Whats App Group

എൻഎസ്എസിൻ്റെ പിന്മാറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ, ഒന്നും മിണ്ടാതെ വെള്ളാപ്പള്ളിയും തുഷാറും; എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രം പ്രതികരണം

എൻഎസ്എസിൻ്റെ പിന്മാറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ, ഒന്നും മിണ്ടാതെ വെള്ളാപ്പള്ളിയും തുഷാറും; എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രം പ്രതികരണം


ആലപ്പുഴ: സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്‍റെ പിന്മാറ്റം എസ് എൻ ഡി പി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് വ്യക്തം. എൻ എസ് എസിന്‍റെ പിന്മാറ്റ തീരുമാനം വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ഇനിയും പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തോട് ഇക്കാര്യത്തിൽ ഒന്നും മിണ്ടാതെയാണ് ഇരുവരും കടന്നുപോയത്. എൻ എസ് എസ് നിലപാടിനോട് തൽക്കാലം പ്രതികരിക്കാൻ ഇല്ലെന്നാണ് വെള്ളാപ്പള്ളിയും തുഷാറും വ്യക്തമാക്കിയത്. തുഷാർ എത്തിയതിന് ശേഷം ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും പ്രതികരണം എന്നുമാണ് വെള്ളാപ്പള്ളി അറിയിച്ചിട്ടുള്ളത്. അതുവരെ ഇക്കാര്യത്തിൽ മറ്റു പ്രതികരണങ്ങൾ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എൻ എസ് എസിന്‍റെ പിന്മാറ്റത്തിൽ പ്രതികരണം പിന്നീടെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്.

ബി ജെ പി മുന്നണി നേതാവ് ഐക്യനീക്കത്തിന്‍റെ ദൂതനാകേണ്ടതില്ല

അതിനിടെ എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന്  സുകുമാരൻ നായർ തുറന്നുപറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. കാര്യങ്ങൾ കണ്ടാൽ മനസ്സിലാകുമല്ലോ എന്നും സുകുമാരൻ നായർ ചോദിച്ചു. അച്ഛൻ എന്തിനാണ് മകനെ ചർച്ചക്ക് അയക്കുന്നത്. ഈ മകൻ ആരാ, ബി ജെ പി മുന്നണിയായ എൻ ഡി എയുടെ നേതാവല്ലേ. അപ്പോൾ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group